ഓസ്ട്രേലിയയെ പാകിസ്ഥാൻ പറപ്പിക്കുമ്പോൾ കമ്മിൻസ് ഉണ്ടായിരുന്നത് കോൾഡ് പ്ലേ കോൺസെർട്ടിൽ, നിർത്തി പൊരിച്ച് ഓസീസ് മാധ്യമങ്ങൾ

അഭിറാം മനോഹർ

ചൊവ്വ, 12 നവം‌ബര്‍ 2024 (13:39 IST)
22 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ വെച്ച് ആദ്യമായി പാകിസ്ഥാനോട് ഏകദിന പരമ്പര കൈവിട്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. ഇന്ത്യക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരങ്ങള്‍ നടക്കാനിരിക്കുന്നതിനാല്‍ പല പ്രമുഖ താരങ്ങളും പാകിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസീസ് ടീമിനെ നാണം കെടുത്തിയത്.
 
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയുടെ ലോകകപ്പിലെ നായകനായിരുന്ന പാറ്റ് കമ്മിന്‍സ് സിഡ്‌നിയിലെ കോള്‍ഡ് പ്ലേ കോണ്‍സെര്‍ട്ടിലായിരുന്നു. കോണ്‍സെര്‍ട്ടിനിടെ ഭാര്യയായ ബെക്കിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കമ്മിന്‍സ് പങ്കുവെച്ചിരുന്നു. ഇതോടെ പാറ്റ് കമ്മിന്‍സിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. സീനിയര്‍ താരങ്ങള്‍ പൂര്‍ണമായും മാറിനിന്നതാണ് ഓസ്‌ട്രേലിയന്‍ മണ്ണിലെ തോല്‍വിക്ക് കാരണമായതെന്ന് മുന്‍ ഓസീസ് താരമായ മൈക്കല്‍ ക്ലാര്‍ക്ക് വിമര്‍ശിച്ചു.
 
പാകിസ്ഥാന്‍ പരമ്പര കഴിഞ്ഞും 11 ദിവസത്തെ അവധിയുണ്ട് എന്നിരിക്കെ എന്തിനാണ് ഏകദിനങ്ങളില്‍ നിന്നും പ്രധാനതാരങ്ങള്‍ മാറിനിന്നതെന്ന ചോദ്യമാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ഉന്നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍