ഏഷ്യാകപ്പ് പാകിസ്ഥാനിൽ കളിച്ചില്ലെങ്കിൽ ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും കളിക്കില്ല: പുതിയ വേദി തേടി ഐസിസി

വ്യാഴം, 30 മാര്‍ച്ച് 2023 (12:46 IST)
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ്റെ മത്സരങ്ങൾ നടക്കുക മറ്റൊരു രാജ്യത്തിലെന്ന് റിപ്പോർട്ട്. ഏഷ്യാകപ്പ് മാതൃകയിൽ പാകിസ്ഥാന് ലോകകപ്പ് ബംഗ്ലാദേശിൽ കളിക്കാനുള്ള സൗകര്യം ഒരുക്കാനാണ് ഐസിസി ഒരുങ്ങുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയബന്ധങ്ങൾ കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ഐസിസി നിർബന്ധിതമായത്.
 
നേരത്തെ പാകിസ്ഥാൻ വേദിയാകുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷമായ വേദിയിൽ നടത്താൻ ബിസിസിഐ സമ്മതം മൂളിയിരുന്നു. ഇതേ മാതൃകയിലാകും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാനും പങ്കെടുക്കുക. സുരക്ഷാപ്രശ്നങ്ങൾ പരിഗണിച്ച് ഇന്ത്യൻ താരങ്ങൾ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു. ഈ പ്രശ്നത്തിന് സമവായമായാണ് പുതിയ തീരുമാനം ഐസിസി കൈകൊണ്ടിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍