ലോകഫുട്ബോളിൽ തനിക്ക് സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കുമ്പോളും സൂപ്പർ താരം ലയണൽ മെസ്സിയുടെ മനസ്സിൽ എക്കാലവും വേദനയായി നിന്നത് സ്വന്തം രാജ്യത്തിനായി ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനായില്ല എന്നായിരുന്നു. 2006 മുതൽ അർജൻ്റീനയ്ക്കായി പന്ത് തട്ടിയ മെസ്സിക്ക് 2022 വരെ ഒരു ഒളിമ്പിക്സ് മെഡൽ മാത്രമായിരുന്നു ടീമിനായി നേടിയെന്ന് അവകാശപ്പെടാൻ സാധിക്കുമായിരുന്നുള്ളു.
എന്നാൽ എല്ലാ സങ്കടങ്ങളെയും ശാപവാക്കുകളുടെയും മേൽ മെസ്സി ഉയർത്തെഴുന്നേറ്റ വർഷമായിരുന്നു 2022. ലാറ്റിനമേരിക്കൻ ഫുട്ബോൾ കിരീടവും ഫൈനലിസിമയും ഒടുവിൽ ലോക ഫുട്ബോൾ കിരീടവും തുടർച്ചയായി നേടികൊണ്ട് തൻ്റെ മേൽ കാലങ്ങളായി തറച്ച മുള്ളുകളേൽപ്പിച്ച മുറിവുകളെല്ലാം മെസ്സി ഒറ്റനിമിഷം കഴുകികളഞ്ഞു. അർജൻ്റൈൻ ജനത അയാളെ ദൈവത്തോളം ഉയരെയെത്തിച്ചു. ഇപ്പോഴിതാ അർജൻ്റൈൻ ജനത ഇതിഹാസമായി വാഴ്ത്തിയ മെസ്സിയെ വാഴ്ത്തപ്പെട്ടവനാക്കിയിരിക്കുകയാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ സമിതിയായ കോൺമെബോൽ.
ബ്രസീലിനായി 3 ലോകകിരീടങ്ങൾ സമ്മാനിച്ച പെലെ, അർജൻ്റീനയുടെ ഇതിഹാസതാരമായ ഡീഗോ മറഡോണ എന്നിവർക്കൊപ്പം മെസ്സിയുടെ പ്രതിമ കൂടി കോൺമെബോലിൻ്റെ പനാമയിലെ മ്യൂസിയത്തിൽ ഇനിയുണ്ടാകും. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകകിരീടം മെസ്സി അർജൻ്റീനയിലേക്കെത്തിച്ചത്. 2022ൽ ബ്രസീൽ കിരീടം നേടിയ ശേഷം നീണ്ട 20 കൊല്ലങ്ങൾക്ക് ശേഷമാണ് കിരീടം ലാറ്റിനമേരിക്കൻ മണ്ണിലെത്തിയത്.