പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പാക് താരങ്ങളുടെ കൈയാങ്കളി; താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും
തിങ്കള്‍, 15 ഫെബ്രുവരി 2016 (11:16 IST)
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പാക് ദേശീയ ടീം അംഗങ്ങളായ അഹമ്മദ് ഷെഹ്‌സാദും വഹാബ് റിയാസും തമ്മില്‍ കൈയാങ്കളി. പെഷവാര്‍ സാല്‍മിയും ക്വറ്റാഡിയേറ്റേഴ്സുമായി ഇന്നലെ നടന്ന മത്സരത്തിനിടെയാണ് ഇരുവരും ഏറ്റ് മുട്ടിയത്. സംഭവത്തെ കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മത്സരത്തില്‍ വഹാബ് റിയാസിന്റെ പന്തില്‍ അഹമ്മദ് ഷെഹ്‌സാദ് ക്ലീന്‍ ബൌള്‍ഡായതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. വിക്കറ്റ് നേടിയ വഹാബ് റിയാസ് അമിതമായ ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. ഷെഹ്‌സാദിന് നേര്‍ക്ക് ആഹ്ലാദപ്രകടനം അടുത്തുവന്നതോടെ ഇരുവരും തമ്മില്‍ കൈയാങ്കളി ഉണ്ടാകുകയായിരുന്നു. ഇരുവരും ഓടിയടുക്കുകയും പരസ്‌പരം പിടിച്ചു തള്ളുകയും ചെയ്‌തതോടെ സ്ഥിതിവിശേഷങ്ങള്‍ കൂടുതല്‍ ഗുരുതരമായി.
സംഭവം കൂടുതല്‍ വഷളാകുമെന്ന് തോന്നിയതോടെ മറ്റ് താരങ്ങള്‍ ഇരുവരെയും പിടിച്ചു മാറ്റുകയും പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.