ഇങ്ങോട്ടില്ലെങ്കിൽ അങ്ങോട്ടും വേണ്ട, ഇന്ത്യക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപുള്ള വാർത്താസമ്മേളനം റദ്ദാക്കി പാക് ടീം

അഭിറാം മനോഹർ

ഞായര്‍, 21 സെപ്‌റ്റംബര്‍ 2025 (09:35 IST)
ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യക്കെതിരെ നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന് മുന്‍പായി ഇന്നലെ നടക്കാനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം യുഎഇയെ നേരിടാനിറങ്ങും മുന്‍പ് അവസാന നിമിഷം പാക് ടീം വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ മോട്ടിവേഷണല്‍ സ്പീക്കറെയും പാക് ടീം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ഇന്ത്യക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തിലെ തോല്‍വിയും മൈതാനത്തേറ്റ അപമാനവും പാക് ടീമിനെ തകര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രകടനം മെച്ചപ്പെടുത്താന്‍ മോട്ടിവേഷന്‍ സ്പീക്കറുടെ സേവനം പാക് ടീം തേടിയത്. അതിനിടെ ഇന്ന് നടക്കുന്ന മത്സരത്തിലും ആന്‍ഡി പൈക്രോഫ്റ്റ് തന്നെയാകും മാച്ച് റഫറിയെന്ന് ഐസിസി വ്യക്തമാക്കി. പാക് പ്രതിഷേധങ്ങളെ തള്ളിയാണ് പൈക്രോഫ്റ്റിനെ മാച്ച് റഫറിയായി നിലനിര്‍ത്തിയത്. നേരത്തെ ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ പൈക്രോഫ്റ്റിനെ മാച്ച് റഫറി സ്ഥാനത്ത് നിന്നും മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. ഒടുവില്‍ അനുനയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഎഇക്കെതിരെ കളിക്കാന്‍ പാക് ടീം തയ്യാറായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍