'എല്ലാം തുടങ്ങിയത് അവന്‍ തന്നെ, പറയാന്‍ പാടില്ലാത്തത് അവന്‍ പറഞ്ഞു'; കോലിക്കെതിരെ നവീന്‍ ഉള്‍ ഹഖ്

ശനി, 17 ജൂണ്‍ 2023 (13:28 IST)
ഐപിഎല്‍ 16-ാം സീസണില്‍ ഏറ്റവും വിവാദമായ സംഭവമാണ് വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള വാക്കുതര്‍ക്കം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇരുവരും കൊമ്പുകോര്‍ത്തത്. അന്നത്തെ ഏറ്റുമുട്ടലിനെ കുറിച്ച് ഇപ്പോള്‍ തുറന്നുപറയുകയാണ് നവീന്‍ ഉള്‍ ഹഖ്. വിരാട് കോലിയാണ് പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ തുടക്കം കുറിച്ചതെന്നാണ് നവീന്‍ പറയുന്നത്. 
 
മത്സരത്തിന്റെ 18-ാം ഓവറിലാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്ന നവീനെ കോലി സ്ലെഡ്ജ് ചെയ്യുകയായിരുന്നു. നവീനും കോലിയോട് അതേ നാണയത്തില്‍ തന്നെ പ്രതികരിച്ചു. നവീന്‍ പുറത്തായി മടങ്ങുന്നതിനിടെ കോലി ഷൂസിന് താഴെയുള്ള മണ്ണ് തട്ടിക്കളയുകയും അതിനു തുല്യമാണ് നവീന്‍ എന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. പിന്നീട് മത്സരശേഷം ഇരു ടീമുകളിലേയും കളിക്കാര്‍ ഹസ്തദാനം ചെയ്യുന്നതിനിടെ കോലി കൈ പിടിച്ചപ്പോള്‍ നവീന്‍ അത് ദേഷ്യത്തോടെ തള്ളി മാറ്റുകയായിരുന്നു. 
 
വിരാട് കോലി തന്നോട് അങ്ങനെയൊന്നും പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് നവീന്‍ ഇപ്പോള്‍ പറയുന്നത്. താനല്ല ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്നും നവീന്‍ പറയുന്നു. ' വിരാട് കോലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. മത്സരത്തിനിടെ കോലി അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു. ഹസ്തദാനം ചെയ്യവെ വിരാട് കോലിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഒരു കാര്യം മാത്രം ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, സാധാരണയായി ഞാന്‍ ആരേയും സ്ലെഡ്ജ് ചെയ്യാറില്ല. ഇനി ഞാന്‍ അങ്ങനെ ചെയ്താലും ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാരോട് മാത്രമാണ് അങ്ങനെ പറയാറുള്ളത്. കാരണം ഞാനൊരു ബൗളറാണ്. അന്നത്തെ കളിയില്‍ ഞാന്‍ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ആരെയും സ്ലെഡ്ജ് ചെയ്തിട്ടുമില്ല,' നവീന്‍ പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍