പാണ്ഡ്യയെ അവസാന ഓവര്‍ ഏല്‍പ്പിക്കാന്‍ ചില കാരണങ്ങളുണ്ട്: അവിശ്വസനീയമായ ജയത്തെക്കുറിച്ച് ധോണി പറയുന്നു
വ്യാഴം, 24 മാര്‍ച്ച് 2016 (13:49 IST)
ബംഗ്ലാദേശിനെതിരായ നിര്‍ണായകമായ മത്സരത്തില്‍ അവിശ്വസനീയമായ ജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് കഴിഞ്ഞ മത്സരം ഒരു പേടിസ്വപ്‌നം തന്നെയാണ്. ക്രിക്കറ്റ് ആരാധരെ ഒന്നടങ്കം വിസ്‌മയിപ്പിച്ച മത്സരത്തില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രങ്ങളായിരുന്നു ഇന്ത്യക്ക് ജയം സമ്മാനിച്ചത്. പത്തൊമ്പതാം ഓവറും അവസാന ഓവറും ആരെക്കൊണ്ട് എറിയിക്കണമെന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്നുവെങ്കിലും സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച നിമിഷമായിരുന്നു കടന്നുപോയതെന്നും ധോണി പറഞ്ഞു.
അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് പന്തെറിയിക്കുക എന്നത് ലളിതമായ തീരുമാനമായിരുന്നു. സ്‌പിന്നറില്‍ മാരില്‍ നിന്നോ പാണ്ഡ്യയയില്‍ നിന്നോ മികച്ച ഓവര്‍ ആവശ്യമായ നിമിഷമായിരുന്നു. ആരെക്കൊണ്ട് എറിയിക്കണമെന്ന് സംശയം തോന്നിയപ്പോള്‍ പാണ്ഡ്യ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ചെറിയ പ്രായമാകുമ്പോള്‍ ആത്മവിശ്വാസവും വളരെ കൂടുതലായിരിക്കും. അങ്ങനെയാണല്ലോ വളരുന്നതുമെന്നും ധോണി പറഞ്ഞു.
പാണ്ഡ്യയെ പന്ത് ഏല്‍പ്പിക്കുന്നതിന് മുമ്പും അതിനിടെയിലും സംസാരിച്ചു. ഷുവാഗതാ ഹോമിനെതിരേ അവസാന പന്തില്‍ യോര്‍ക്കര്‍ എറിയരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫുള്‍ടോസാകുമോ എന്ന പേടികൊണ്ടാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. പദ്ധതികള്‍ ആവിഷ്കരിക്കാന്‍ എളുപ്പമാണെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ ശേഷിയുള്ള കളിക്കാരാണ് ടീമിന്റെ ശക്തി. മത്സരത്തിനിടെ നെഹ്റയുമായി നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ധോണി പറഞ്ഞു. ഞങ്ങള്‍ സംസാരിച്ച തന്ത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ വിശദമായി പറയുന്നില്ല. ഒരുപക്ഷേ, ടൂര്‍ണമെന്റ് കഴിയുമ്പോള്‍ പറയാം. അതും ഞങ്ങളുടെ തന്ത്രങ്ങളുടെ ഭാഗമാണല്ലോ എന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
ഫീല്‍ഡില്‍ അബദ്ധങ്ങള്‍ കാണിച്ച ജസ്‌പ്രിത് ബുംറയ്‌ക്ക് പത്തൊമ്പതാം ഓവര്‍ നല്‍കുകയായിരുന്നു. അദ്ദേഹത്തിന് വീഴ്‌ചകള്‍ വന്നുവെങ്കിലും അതിനെക്കുറിച്ച് അധികം ചിന്തിച്ചിട്ട് കാര്യമില്ല. അതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്നാണ് നോക്കേണ്ടതെന്നും ധോണി പറഞ്ഞു.