‘ധോണി ഈ നമ്പറില്‍ ഇറങ്ങിയാല്‍ കളിമാറും, പാണ്ഡ്യ അടിച്ചു തകര്‍ക്കും’; തുറന്നു പറഞ്ഞ് സച്ചിന്‍

Webdunia
വ്യാഴം, 23 മെയ് 2019 (16:07 IST)
ഏകദിന ലോകകപ്പ് അടുക്കുന്തോറും ആശങ്കകളും സന്ദേഹങ്ങളും ഇന്ത്യന്‍ ടീമിലുമുണ്ട്. നിര്‍ണായകമായ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനാണ് തലവേദനയായി തുടരുന്നത്. വിരാട് കോഹ്‌ലിക്ക് ശേഷം വിജയ് ശങ്കര്‍ ക്രീസില്‍ എത്തുന്നതാണ് നിലവിലെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പ്.

നാലാതമത് വിജയ് ശങ്കര്‍ എത്തുമ്പോള്‍ അഞ്ചാമനായി മഹേന്ദ്ര സിംഗ് ധോണിയാകും അഞ്ചാമനായി ക്രീസിലെത്തുക. ആറാം സ്ഥാനത്ത് ഹാര്‍ദ്ദിക് പാണ്ഡ്യ കൂടി എത്തുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡര്‍ ശക്തമാകും. എന്നാല്‍, വിജയ് ശങ്കറിന് പകരം പരിചയ സമ്പന്നനായ ധോണി നാലാതമത് ബാറ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.

ഈ നിര്‍ദേശത്തെ തള്ളിക്കളഞ്ഞ് ഏറ്റവും അവസാനം രംഗത്ത് വന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കറാണ്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണ്‍ ചെയ്യുമ്പോള്‍ കോഹ്‌ലി മൂന്നാമനായി ക്രീസിലെത്തും. നാലാം നമ്പര്‍ എന്നത് ഒരു പൊസിഷന്‍ മാത്രമാണ്. ധോണി അഞ്ചാമനായി ഇറങ്ങുന്നതോടെ കളിയുടെ ഗതി തന്നെ മാറിമറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചാം നമ്പറില്‍ ഇറങ്ങിയാല്‍ അവസാന ഓവര്‍ വരെ ബാറ്റിംഗ് നീട്ടിക്കൊണ്ടു പോകാന്‍ ധോണിക്ക് കഴിയും. പിന്നാലെ എത്തുന്ന പാണ്ഡ്യയ്‌ക്ക് അടിച്ചു കളിക്കാനുള്ള സാഹചര്യം ഇതോടെ ഉണ്ടാകുമെന്നും സച്ചിന്‍ പറഞ്ഞു.

സഹതാരങ്ങളുടെ പിന്തുണയില്ലാതെ കോഹ്‌ലിക്ക് ലോകകപ്പ് ജയിക്കാനാവില്ല. ഓരോ മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ ഒന്നോ രണ്ടോ താരങ്ങള്‍ മുന്നേക്ക് വരണം. നിര്‍ണായ ഘട്ടങ്ങളില്‍ ഇത് സംഭവിച്ചില്ലെങ്കില്‍ നിരാശയായിരിക്കും ഫലം.

താരങ്ങളുടെ പൂര്‍ണ്ണ പിന്തുണയാണ് കോഹ്‌ലിക്ക് വേണ്ടത്. ഏത് പൊസിഷനിലും കളിക്കാനുള്ള താരങ്ങള്‍ നമുക്കുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

സാഹചര്യത്തിന് അനുസരിച്ച് എല്ലാ ബാറ്റ്‌സ്‌മാനും കളിക്കുക എന്നതാണ് പ്രധാനം. അത് നാലോ ആറോ എട്ടോ ആകട്ടെ. മധ്യ ഓവറുകളില്‍ കുല്‍‌ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും നിര്‍ണായകമാണ്. യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും പി ടി ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article