ടി20യിൽ 2021ൽ മാ‌ത്രം എണ്ണൂറിലേറെ റൺസ്, ബാറ്റിങ് ശരാശരി 100ന് മുകളിൽ: മുഹമ്മദ് റിസ്‌വാൻ ചില്ലറക്കാരനല്ല

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (18:54 IST)
ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ. ഇത്തവണയും ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരാണ് മത്സരത്തെ ആവേശത്തോടെ വരവേറ്റത്. എന്നാൽ അഭിമാനപോരാട്ടത്തിൽ പാകിസ്ഥാനെതിരെ ദയനീയപരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യൻ തോൽവിക്ക് കാരണമായതാവട്ടെ പാക് ഓപ്പണിങ് താരങ്ങളുടെ മിന്നുന്ന പ്രകടനവും.
 
ലോക‌ക്രിക്കറ്റിൽ കോലിയുടെ പിൻഗാമിയായി ക്രിക്കറ്റ് ലോകം പലപ്പോഴും വിശേഷിപ്പിക്കാറുള്ള പാക് നായകൻ ബാബർ അസമിൽ നിന്നും ഇന്ത്യൻ ആരാധകർ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇന്ത്യയെ ഞെട്ടിച്ചത് മറ്റൊരു പാക് ഓപ്പണിങ് ബാറ്റ്സ്മാനായ മുഹമ്മദ് റിസ്‌വാനായിരുന്നു. എന്നാൽ 2021ലെ മുഹമ്മദ് റിസ്‌വാന്റെ പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതിൽ ഒട്ടും തന്നെ അത്ഭുതങ്ങളില്ലെന്ന് മനസിലാവും.
 
2021ൽ ‌പാകിസ്ഥാനായി 18 ടി20 മത്സരങ്ങളാണ് റിസ്‌വാൻ കളിച്ചത്. ഒരു സെഞ്ചുറിയും 8 അർധസെഞ്ചുറികളുമായി 831 റൺസാണ് താരം നേടിയത്.
 ഇതിൽ പുറത്താവാതെ നേടിയ 104 റൺസാണ് താരത്തിന്റെ ഹൈസ്‌കോർ. 2021ൽ ഏറ്റവുമധികം ടി20 റൺസ് കണ്ടെത്തിയവരുടെ പട്ടികയിലെ ആദ്യ രണ്ട് താരങ്ങളും പാകിസ്ഥാൻ താരങ്ങളാണ്.
 
18 മത്സരങ്ങളിൽ നിന്നും 42 റൺസ് ശരാശരിയിൽ 591 റൺസ് കണ്ടെത്തിയ പാക് നായകൻ ബാബർ അസമാണ് പട്ടികയിൽ രണ്ടാമത്. ഒരു സെഞ്ചുറിയും 5 അർധസെഞ്ചുറിയും താരം ഈ വർഷം സ്വ‌ന്തമാക്കി 122 റൺസാണ് ഹൈസ്കോർ. നിലവിൽ എതിരാളികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് പാകിസ്ഥാന്റെ ഈ ഓപ്പണിങ് സഖ്യമാണ്.
 
ഇന്ത്യയുമായുള്ള ആദ്യമ‌ത്സരത്തിൽ തിളങ്ങിയ പാക് ഓപ്പണർമാർ തന്നെയാകും മറ്റ് ടീമുകൾക്കുള്ള വെല്ലുവിളി. നിലവിലെ ഫോം ഇരുതാരങ്ങളും തുടരുകയാണെങ്കിൽ ടി20യിൽ ഒരു കലണ്ടർ വർഷം 1000 റൺസ് എന്ന നേട്ടവും വൈകാതെ തന്നെ മുഹമ്മദ് റിസ്‌വാൻ സ്വന്തമാക്കാനാണ് സാധ്യതകളേറെയും.

അനുബന്ധ വാര്‍ത്തകള്‍

Next Article