ഷമിയിലെ ബോളറെ കണ്ടെത്തിയത് ഗാംഗുലി

വെള്ളി, 20 മാര്‍ച്ച് 2015 (18:16 IST)
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കുതിപ്പിന് കാരണമായ മുഹമ്മദ് ഷാമിയുടെ ക്രിക്കറ്റ് ലോകത്തെ വളര്‍ച്ചയ്ക്ക് പിന്നില്‍ സൗരവ് ഗാംഗുലിയുടെ പിന്തുണ. കുറച്ചും കൂടി വ്യക്തമായി പറഞ്ഞാല്‍ ഷമിയെന്ന ബോളറെ കണ്ടെത്തിയത് ദാദയെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഗാംഗുലിയാണ്.

നെറ്റ്സിൽ ബാറ്റ് ചെയ്യുകയായിരുന്ന ഗാംഗുലിക്ക് പന്തെറിയാന്‍ വന്ന ചെറുപ്പക്കാരില്‍ ഒരാള്‍ മാത്രമായിരുന്നു ഷമി. ദാദയ്ക്കെതിരെ പന്തെറിയാൻ ഷമി എത്തിയപ്പോള്‍ ഗാംഗുലി സാധരണയില്‍ കൂടുതലൊന്നും  പ്രതീക്ഷിച്ചില്ല. വെടിയുണ്ട പോലുള്ള പന്തുകളെ നേരിടാന്‍ ദാദ വിഷമിക്കുകയും ചെയ്തു. ഒടുവില്‍ ഷമിയെ അടുത്ത് വിളിച്ച് ചോദിച്ചു, ‘നീ ഏതു ടീമിനുവേണ്ടിയാണ് കളിക്കുന്നത് ?’ ആ ചോദ്യമാണ് ഷമിയെ ഇന്ത്യന്‍ ടീമില്‍ എത്തിച്ചത്. നെറ്റ്‌സില്‍ പന്തെറിഞ്ഞ ശേഷം മാറി നിന്ന ഷമിയോട് അരമണിക്കൂറോളം ദാദ സംസാരിക്കുകയും ചെയ്തു.

പിന്നീട് ഗാംഗുലിയുടെ ഇടപെടല്‍ മൂലം അണ്ടർ 22 ടീമിലും തുടർന്ന് ബംഗാൾ രഞ്ജി ടീമിലും ഷമി ഇടം പിടിച്ചു.
എന്നാല്‍ ഷമിയിലെ ബോളറെ കണ്ടെത്തിയതും വളര്‍ത്തിയതും ക്രിക്കറ്റ് പരിശീലകനായിരുന്ന ബദറുദ്ദീൻ സിദ്ദിഖിയാണ്. പശ്ചിമ ഉത്തർപ്രദേശിലെ മൊറാദാബാദിലെ സുഭാഷ് ചന്ദ്രബോസ് സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പരിശീലകനായിരുന്നു. പതിനഞ്ച് വയസ് തികയുന്നതിന് മുമ്പ് തന്നെ വളരെ വേഗത്തില്‍ പന്തെറിഞ്ഞിരുന്ന ഷമിയെ പിതാവ്  സിദ്ദിഖിയുടെ അടുത്ത് എത്തിക്കുകയും. മകന്‍ വളരെ വേഗത്തില്‍ പന്തെറിയുന്നതായും അറിയിക്കുകയായിരുന്നു. ഷാമിയോട് പന്തെറിയാൻ സിദ്ദിഖി ആവശ്യപ്പെടുകയും ഒരേവേഗത്തിൽ അരമണിക്കൂറോളം അദ്ദേഹം പന്തെറിയുകയും ചെയ്തു. ഷമിയുടെ കഴിവ് തിരിച്ചറിഞ്ഞ സിദ്ദിഖി മികച്ച പരിശീലനം നല്‍കി ഷമിയെ താരമാക്കി മാറ്റുകയായിരുന്നു.

അടുത്ത വര്‍ഷം യുപി അണ്ടർ 19 ക്രിക്കറ്റ് ടീം സെലക്‌ഷന് പോയെങ്കിലും ഷമിക്ക് സെലക്‌ഷൻ ലഭിച്ചില്ല. ഇതോടെ ക്രിക്കറ്റ് പ്രേമം ഉപേക്ഷിച്ച ഷമിയെ വീണ്ടും കളിക്കളത്തില്‍ എത്തിച്ചത് സിദ്ദിഖി തന്നെയായിരുന്നു. ആ സമയത്ത് കൊൽക്കത്തയിലെ അത്‌ലറ്റിക് ക്ളബ് ഒരു ഫാസ്റ്റ് ബോളറെ തെരയുകയായിരുന്നു. തുടര്‍ന്ന് ഷമിയുടെ കഴിവ് കൊൽക്കത്ത ക്ളബിനെ അറിയിച്ച സിദ്ദിഖി അദ്ദേഹത്തെ കൊല്‍ക്കത്തയ്ക്ക് ട്രെയിന്‍ കയറ്റി വിടുകയും ചെയ്തു. അവിടെ നിന്നും ഷമി ഇന്ത്യന്‍ ടീമിലേക്ക് എത്തുകയുമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക