ഇത്തവണത്തെ ടി20 ലോകകപ്പിൽ മറ്റ് ടീമുകൾക്ക് ഏറ്റവും വെല്ലുവിളി സൃഷ്ടിക്കുക പാകിസ്ഥാൻ്റെ ഓപ്പണിങ് ജോഡിയുടെ പ്രകടനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ലോകകപ്പ് സെമി ഫൈനലിലെത്തി നിൽക്കുമ്പോൾ ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്നതാണ് പാക് ഓപ്പണർമാരുടെ പ്രകടനം.
ലോകകപ്പിൽ നിന്നും പുറത്താകുന്ന ഘട്ടം വരെയെത്തിയിട്ടും ഭാഗ്യം തുണച്ചതോടെയാണ് പാകിസ്ഥാൻ്റെ സെമി പ്രവേശനം. പ്രധാനപ്രശ്നമായിരുന്ന മധ്യനിര മോശമില്ലാതെ കളിക്കുമ്പോൾ മുൻനിരയുടെ പരാജയമാണ് പാകിസ്ഥാനെ അലട്ടുന്നത്. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നാണക്കേടിൻ്റെ റെക്കോർഡ് കൂടി സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ് ബാബർ- റിസ്‌വാൻ ജോഡി.
ബംഗ്ലാദേശിനെതിരെ കഴിഞ്ഞ മത്സരത്തിൽ 10.3 ഓവറിൽ വെറും 57 റൺസാണ് സൂപ്പർ താരങ്ങൾ നേടിയത്. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും മോശം റണ്‍റേറ്റോടെ അന്‍പതിലധികം റണ്‍സ് കൂട്ടിച്ചേര്‍ത്ത ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് ഇരുവരും സ്വന്തമാക്കി. പാകിസ്ഥാൻ്റെ തന്നെ ഷെഹ്സാദും മുക്താറും കൂടി 2015ൽ സ്ഥാപിച്ച റെക്കോർഡാണ് പാക് ജോഡി മറികടന്നത്.