ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. മൊഹാലിയിലെ സ്പിന്‍ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ 17റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ125 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സ് ലീഡായ 17 റൺസ് ഉൾപ്പെടെ മൽസരത്തിലാകെ ഇന്ത്യയ്ക്ക് 142 റൺസ് ലീഡുണ്ട്. അവശേഷിക്കുന്നത് എട്ടു വിക്കറ്റും.
ആറു ഫോറും ഒരു സിക്സുമുൾപ്പെടെ 63 റൺസുമായി ചേതേശ്വർ പൂജാരയും ഒരു ഫോറുൾപ്പെടെ 11 റൺസുമായി നായകൻ വിരാട് കോഹ്‍ലിയുമാണ് ക്രീസിൽ. ശിഖർ ധവാൻ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും സംപുജ്യനായി. ഇന്ത്യന്‍ ഇന്നിഗ്സിനെ കൈപിടിച്ചിയര്‍ത്തിയത് ഓപ്പണര്‍ മുരളീ വിജയ് ആണ്. മുരളി വിജയ് 47 റൺസ് നേടി പുറത്തായി. ഫിലാൻഡറാണ് രണ്ടിന്നിങ്സിലും ധവാനെ പുറത്താക്കിയത്. മുരളി വിജയിനെ ഇമ്രാൻ താഹിർ പുറത്താക്കി.
സ്പിന്നര്‍മാരുടെ പറുദീസയാണ് മൊഹാലിയിലെ പിച്ച്. ഈ പിച്ചില്‍ 250 റണ്‍സ് ലീഡ് നേടാനായാല്‍ ഇന്ത്യക്ക് മത്സരം കൈയ്യടക്കാന്‍ സാധിക്കും. എന്നാല്‍ മൊഹാലിയിൽ അവസാന രണ്ടു ദിവസത്തെ ബാറ്റിങ് ദുഷ്കരമാകുമെന്നുറപ്പാണ്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കേണ്ടിയിരിക്കുന്നു. വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ചാല്‍ ഇന്ത്യക്ക് ആശിക്കാന്‍ ധാരാളം വകയുണ്ട്.
നേരത്തെ, ഇന്ത്യൻ സ്പിന്നർമാരുടെ ത്രിമുഖ ആക്രമണത്തിന് മുന്നിൽ പതറിയ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 184 റൺസിന് പുറത്തായിരുന്നു. ദക്ഷിണാഫ്രിക്കയുടെ 10 വിക്കറ്റുകളും അശ്വിൻ–ജഡേജ–അമിത് മിശ്ര ത്രയം പങ്കിട്ടു. അശ്വിൻ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ മൂന്നും മിശ്ര രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ ഏക അർധസെഞ്ചുറിക്ക് അവകാശിയായ എ.ബി. ഡിവില്ലിയേഴ്സ് (63), നായകൻ ഹാഷിം അംല (43), ഓപ്പണർ ഡീൻ എൽഗാർ (37) എന്നിവർക്കു മാത്രമേ ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ.