ഹെയ്‌ഡനോട് ഇന്ന് സൗഹൃദമില്ല, പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുൻപ് നയം വ്യക്തമാക്കി ലാംഗർ

വ്യാഴം, 11 നവം‌ബര്‍ 2021 (12:46 IST)
ടി20 ലോകകപ്പിൽ ഓസീസും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റിലെ രണ്ട് കരുത്തരുടെ കൂടി പോരാട്ടവേദിയാകും അത്. ഓസീസ് കോച്ചായി ജസ്റ്റിൻ ലാംഗറും പാകിസ്ഥാൻ ബാറ്റിങ് പരിശീലകനായി മാത്യൂ ഹെയ്‌ഡനുമായിരിക്കും ഇന്ന് മാറ്റുരയ്ക്കുക.
 
ഒരു കാലത്ത് ഓസീസ് ക്രിക്കറ്റിന്റെ നെടു‌ന്തൂണായ ബാറ്റിങ് ജോഡിയായിരുന്നു ജസ്റ്റിൻ ലാംഗർ-മാത്യൂ ഹെയ്‌ഡൻ ജോഡി എന്നതാണ് ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. വിരമിക്കലിന് ശേഷവും മികച്ച സൗഹൃദം പുലർത്തുന്ന ഇരുവരുടെയും തന്ത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനാകും ഇന്ന് ദുബായ് സാക്ഷ്യം വഹിക്കുക.
 
അതേസമയം ഹെയ്‌ഡനെ കണ്ടിട്ട് കുറച്ചുകാലമായെന്നും സൗഹൃദം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മത്സരം നടക്കുന്ന മൂന്ന് മണിക്കൂർ സൗഹൃദം മാറ്റിവയ്ക്കുമെന്നും ജസ്റ്റിൻ ലാംഗർ വ്യക്തമാക്കി. മറുവശത്ത് ആധികാരികമായാണ് സെമിയിലോട്ട് പാകിസ്ഥാൻ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളെല്ലാം വിജയിച്ചെത്തുന്ന പാകിസ്ഥാൻ ഓസീസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍