ലോഡ്സില്‍ ഇംഗ്ളീഷ് ബാലന്‍സ് തെറ്റിക്കാതെ 'ബാലന്‍സ്'
ശനി, 19 ജൂലൈ 2014 (10:07 IST)
ലോര്‍ഡ്സ് ടെസ്റ്റില്‍ കൂട്ട തകര്‍ച്ചയില്‍ നിന്ന് ഇംഗ്ളണ്ട് തിരിച്ചു വന്നു. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ആതിഥേയര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 295ല്‍ അവസാനിക്കുകയായിരുന്നു. മുഹമ്മദ് ഷമിയാണ് (19) ഒടുവില്‍ മടങ്ങിയത്. ഇശാന്ത് ശര്‍മ (12) പുറത്താകാതെ നിന്നു. മധ്യനിരയില്‍ ഗാരി ബാലന്‍സിന്റെ സെഞ്ച്വറി (110)മികവിലണ് ഇംഗ്ളീഷ് നിര കരകയറിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും സാംറോബ്സനും മികച്ച തുടക്കം നല്‍കിയെങ്കിലും ഭുവനേശ്വറും മുഹമ്മദ് ഷമിയും ബൌളിങ് കണിശമാക്കിയതോടെയാണ് ആതിഥേയര്‍ക്ക് അടിതെറ്റി തുടങ്ങിയത്. ടീം സ്കോര്‍ 22ല്‍ നില്‍ക്കെ കുക്ക് (10) മടങ്ങി. തട്ടിയും മുട്ടിയും മുന്നേറിയ റോബ്സനാണ് (17) അടുത്തതായി വീണത്.
പിന്നീട് 16 റണ്‍സെടുത്ത ഇയാന്‍ ബെല്ലിനെ , ഭുവനേശ്വര്‍ ജഡേജയുടെ കൈകളിലത്തെിച്ചു.പിന്നാലെ ജോറൂട്ടിനെ (14) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ളീഷ് ബാറ്റിംഗ് നിര ആടിയുലഞ്ഞു.
113/4 എന്ന നിലയില്‍ സമ്മര്‍ദത്തിലായ ഇംഗ്ളണ്ടിനെ ബാലന്‍സിന്റെ മികച്ച പ്രകടനമാണ് തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. സെഞ്ച്വറി നേടിയ ബാലന്‍സിന്റെ (110) കൂട്ടായി മൊഈന്‍ അലിയും (32) ചേര്‍ന്നതോടെയാണ് സ്കോര്‍ അനങ്ങി തുടങ്ങിയത്.