അനുരാഗ് ഠാക്കൂറിന് ഒരു രഞ്ജി മൽസരമെങ്കിലും കളിച്ച് പരിചയമുണ്ടോ ?; ബിസിസിഐക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (18:07 IST)
ആർഎം ലോധ സമിതി റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്  (ബിസിസിഐ) വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതില്‍ ഉദാസീനത തുടരുകയാണ്. ലോധ കമ്മിറ്റിക്ക് ബിസിസിഐ വഴങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലോധ സമിതി റിപ്പോർട്ട് നടപ്പാക്കാൻ തയാറാണോ അല്ലയോയെന്നു ബിസിസിഐ അറിയിക്കണം. സംഘടനാ സംവിധാനത്തില്‍ ലോധ കമ്മിറ്റി നിര്‍ദേശിച്ച പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തിയില്ലെങ്കില്‍ ഭാരവാഹികളെ മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടിഎസ്. ഠാക്കൂര്‍ കേസിന്റെ വാദത്തിനിടെ പറഞ്ഞു.



ലോധ സമിതിയുടെ ശുപാർശകൾ നടപ്പിലാക്കിയില്ലെങ്കിൽ ബിസിസിഐ ഭാരവാഹികളെ മാറ്റേണ്ടിവരും. ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂർ മുൻ ക്രിക്കറ്റ് താരമാണോ. ഇദ്ദേഹം ഒരു ഞ്ജി മൽസരമെങ്കിലും കളിച്ച് പരിചയമുണ്ടോ. ഇങ്ങനെ പോയാൽ ബിസിസിഐയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സുപ്രീംകോടതി നിർബന്ധിതമാകുമെന്നും കോടതി പറഞ്ഞു.

ലോധ സമിതി നിർദേശമനുസരിച്ച് മാനദണ്ഡം ഉണ്ടാക്കിയതിനുശേഷം മാത്രമേ സംസ്ഥാന അസോസിയേഷനുകൾക്ക് 400 കോടി രൂപ വിതരണം ചെയ്യാൻ പാടുള്ളൂ എന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. എന്നാൽ കുടിശ്ശിക വിതരണം ചെയ്യുന്നതിൽ തടസ്സങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.



ഐപിഎൽ വാതുവയ്പ് വിവാദത്തെത്തുടർന്ന്‌ രാജ്യത്തെ ക്രിക്കറ്റ് ഭരണസംവിധാനം കുറ്റമറ്റതാക്കുന്നതിനായിട്ടാണ് 2013 ൽ സുപ്രീംകോടതി ജസ്റ്റിസ് ലോധ സമിതിയെ നിയമിച്ചത്‌. ലോധ സമിതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ബിസിസിഐ സുപ്രീംകോടതിയെ അറിയിച്ചത്.

തങ്ങൾ നിർദേശിച്ച ശുപാർശകൾ ബിസിസിഐ നടപ്പിൽ വരുത്തിയിട്ടില്ല. ഇക്കാര്യം സൂചിപ്പിച്ച്​ പല തവണ ഇമെയിലുകൾ അയച്ചു. ബിസിസിഐ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും ലോധ കമ്മിറ്റി സുപ്രീംകോടതിയെ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക