‘ആ സംഭവം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ ശക്തമാക്കി’: വെളിപ്പെടുത്തലുമായി കുല്‍ദീപ് യാദവ്
തിങ്കള്‍, 13 നവംബര്‍ 2017 (17:55 IST)
ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് യുവ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ്. ജീവിതത്തില്‍ പല ചിന്തകളും കടന്നു വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യണമെന്ന് തോന്നിയതു പോലെ തന്നെ ഒരിക്കല്‍ ക്രിക്കറ്റ് മതിയാക്കുന്നതിനെ കുറിച്ചും ആലോചന നടത്തിയിരുന്നു. എന്നാല്‍, സാഹചര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ പല കാര്യങ്ങളും എനിക്ക് അനുകൂലമായെന്നും ഇന്ത്യന്‍ താരം പറഞ്ഞു.
പതിമൂന്നാം വയസില്‍ അണ്ടര്‍ 15 യുപി ടീമില്‍ ഇടം നേടാന്‍ തീവ്ര പരിശീലനമാണ് നടത്തിയത്. എന്നാല്‍, എന്റെ ആഗ്രഹം നടന്നില്ല. സെലക്‍ടര്‍മാര്‍ എന്നെ ഒഴിവാക്കി. നല്ല പരിശീലനം നടത്തിയിട്ടും ടീമിലിടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ തോന്നിയത് ആത്മഹത്യ ചെയ്യാനായിരുന്നുവെന്നും കുല്‍ദീപ് വ്യക്തമാക്കി.
ശ്രമത്തില്‍ നിന്നും പിന്തിരിയാതിരുന്ന താന്‍ കഠിനമായ പരിശീലനത്തിലൂടെ ടീലില്‍ ഇടം നേടി. അതേസമയം, ക്രിക്കറ്റ് തന്റെ ഉപജീവന മാര്‍ഗമായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്‌കൂള്‍ ജീവിതത്തില്‍ ക്രിക്കറ്റിന് അത്രമാത്രം പരിഗണനയെ നല്‍കിയിരുന്നുള്ളൂ. അച്ഛന്റെ ശ്രമം മൂലമാണ് ക്രിക്കറ്റിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തി കുല്‍ദീപ് പറയുന്നു.
എനിക്ക് ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം മനസിലാക്കിയ അച്ഛന്‍ ഒരു കോച്ചിനരികില്‍ എത്തിച്ചു. പേസ് ബോളറാകാനായിരുന്നു ആഗ്രഹവും ശ്രമവും. ഒരിക്കല്‍ സ്‌പിന്‍ എറിഞ്ഞപ്പോള്‍ പരിശീലകന്‍ അത് ശ്രദ്ധിക്കുകയും ഇത് ശീലമാക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്‌തു. ഇതോടെയാണ് സ്‌പിന്‍ ബോളറായതും പിന്നെ ക്രിക്കറ്റില്‍ സജീവമായതും എന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.