ബർത്ത് ഡേ ബോയ് ഡെയ്ഞ്ചറായി, ദക്ഷിണാഫ്രിക്കയുടെ നടുവും വാലും അരിഞ്ഞ് കുൽദീപ് യാദവ്

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2023 (14:52 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പന്ത് കൊണ്ട് കിടിലന്‍ പ്രകടനവുമായി തിളങ്ങി ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. 106 റണ്‍സിന്റെ വമ്പന്‍ വിജയവുമായി ഇന്ത്യ പരമ്പര സമനിലയാക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക ഇതോടെ 13.5 ഓവറില്‍ 95 റണ്‍സിന് പുറത്തായി.
 
പത്താം ഓവറില്‍ കുല്‍ദീപ് തന്റെ ആദ്യ പന്തെറിയാനെത്തുമ്പോള്‍ 66 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. തന്റെ നാലാം പന്തിനെ സിക്‌സര്‍ പറത്തിയ ഡൊണോവന്‍ ഫറേരിയയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കികൊണ്ട് തുടങ്ങിയ കുല്‍ദീപ് തന്റെ രണ്ടാം ഓവറില്‍ അവസാന പന്തില്‍ കേശവ് മഹാരാജിനെയും ക്ലീന്‍ ബൗള്‍ഡാക്കി. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ നാന്ദ്രെ ബര്‍ഗറിനെയും മൂന്നാം പന്തില്‍ ലിസാഡ് വില്യംസിനെയും വിക്കറ്റിന് മുന്നില്‍ കുടുക്കി. അഞ്ചാം പന്തില്‍ ഡേവിഡ് മില്ലറിനെയും പുറത്താക്കിയാണ് താരം അഞ്ച് വിക്കറ്റ് തികച്ചത്.
 
പിറന്നാള്‍ ദിനത്തില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന നേട്ടം ഇതോടെ കുല്‍ദീപിന്റെ പേരിലായി. സെന രാജ്യങ്ങളില്‍ ഇത് രണ്ടാം തവണയാണ് കുല്‍ദീപ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് കുല്‍ദീപ്. ഭുവനേശ്വര്‍ കുമാറിന് ശേഷം ടി20യില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറെന്ന നേട്ടവും ഇതോടെ കുല്‍ദീപ് സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article