Kohli: ഞെട്ടിക്കുന്ന നീക്കവുമായി ബിസിസിഐ, കോലി ലോകകപ്പ് ടീമിൽ നിന്നും പുറത്തേക്ക്?

അഭിറാം മനോഹർ

ചൊവ്വ, 12 മാര്‍ച്ച് 2024 (16:15 IST)
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ കളിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയതായി റിപ്പോര്‍ട്ടുകള്‍. നേരത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി സീനിയര്‍ താരം രോഹിത് ശര്‍മയെ പ്രഖ്യാപിച്ചിരുന്നു. രോഹിത്തിനൊപ്പം കോലിയും ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കുമെന്നാണ് ബിസിസിഐ ഇതുവരെ അറിയിച്ചിരുന്നത്.
 
രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോലി കഴിഞ്ഞ ഒരു മാസത്തിന് മുകളിലായി ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുകയാണ്. വരാനിരിക്കുന്ന ഐപിഎല്ലില്‍ കോലി കളിക്കുമോ എന്ന കാര്യത്തില്‍ പോലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കോലി ഇതുവരെയും ആര്‍സിബി ക്യാമ്പില്‍ എത്തിചേര്‍ന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ഐപിഎല്‍ കളിച്ചാലും കോലിയെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.
 
ടി20 ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളില്‍ ഒരാളാണെങ്കിലും മൂന്നാം നമ്പറിലെ കോലിയുടെ മോശം സ്‌െ്രെടക്ക് റേറ്റ് ഇന്ത്യന്‍ സ്‌കോറിംഗിനെ ബാധിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. വെസ്റ്റിന്‍ഡീസിലെ പിച്ചുകളില്‍ മെല്ലെ ഇന്നിങ്ങ്‌സ് രൂപപ്പെടുത്തി അവസാനം അടിച്ചുകളിക്കുന്ന കോലിയുടെ ശൈലി ഫലപ്രദമാകില്ലെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. 2022ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ടി20 ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നിരുന്ന കോലി അഫ്ഗാനെതിരായ ടി20 പരമ്പരയിലാണ് അവസാനം കളിച്ചത്. മെയ് ആദ്യവാരമാകും ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍