മടങ്ങിവരവ് ഇനിയും നീളും, ടി20 ലോകകപ്പും മുഹമ്മദ് ഷമിക്ക് നഷ്ടമാകുമെന്ന് സ്ഥിരീകരണം

അഭിറാം മനോഹർ

തിങ്കള്‍, 11 മാര്‍ച്ച് 2024 (20:36 IST)
ടി20 ക്രിക്കറ്റ് ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പരിക്ക്. 2023ലെ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ താരത്തിന് വരാനിരിക്കുന്ന ഐപിഎല്ലിലും അതിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പിലും പങ്കെടുക്കാനാകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.
 
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ 7 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ടൂര്‍ണമെന്റിനിടെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ഷമി പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മാര്‍ച്ച് അവസാനം ഐപിഎല്‍ ആരംഭിക്കാനിരിക്കെ താരം ഇതുവരെയും പരിക്കില്‍ നിന്നും മോചിതനായിട്ടില്ല. 2024 സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലാകും ഷമി ഇന്ത്യന്‍ ജേഴ്‌സിയില്‍ മടങ്ങിയെത്തുക.
 
64 ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 229 വിക്കറ്റുകളും 101 ഏകദിനത്തില്‍ നിന്ന് 195 വിക്കറ്റും 23 രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റും ഷമിയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ 110 മത്സരങ്ങളില്‍ നിന്നും 127 വിക്കറ്റും ഷമിയുടെ പേരിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍