സെഞ്ചുറി മിസ്സായി, പക്ഷേ ഓസീസിനെ മലര്‍ത്തിയടിച്ച പ്രകടനത്തോടെ സച്ചിന്റെ റെക്കോര്‍ഡ് പിന്നിലാക്കി കോലി

തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (11:18 IST)
2023ലെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ ടീമിനെ ചുമലിലേറ്റുന്ന പ്രകടനവുമായി വിരാട് കോലി. മത്സരത്തില്‍ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ടീമിലെ 3 മുന്‍നിര താരങ്ങളുടെ വിക്കറ്റുകള്‍ നഷ്ടമായത്. ഇതോടെ ക്രീസിലെത്തിയ കെ എല്‍ രാഹുലും വിരാട് കോലിയും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ വെറും 2 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ.
 
മത്സരത്തില്‍ 116 പന്തില്‍ നിന്നും 86 റണ്‍സ് നേടിയാണ് കോലി പുറത്തായത്. സെഞ്ചുറി നഷ്ടമായെങ്കിലും മത്സരത്തിലെ പ്രകടനത്തോടെ ഐസിസി ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ കോലിയ്ക്കായി. ഏകദിന ലോകകപ്പ്,ടി20 ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലെ 64 ഇന്നിങ്ങ്‌സുകളില്‍ നിന്നും 2785 റണ്‍സാണ് കോലി സ്വന്തമാക്കിയത്. 58 ഇന്നിങ്ങ്‌സുകളില്‍ നിന്നും സച്ചിന്‍ നേടിയ 2719 റണ്‍സിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.
 
നാലാം വിക്കറ്റില്‍ കോലിയും രാഹുലും ചേര്‍ന്ന് 165 റണ്‍സ് കൂട്ടുക്കെട്ടാണ് ഇന്നലെ നേടിയത്. ഏകദിന ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ടാണിത്. 1999ലെ ലോകകപ്പില്‍ അജയ് ജഡേജ റോബിന്‍ സിംഗ് സഖ്യം നേടിയ 141 റണ്‍സിന്റെ റെക്കോര്‍ഡാണ് കോലിയും രാഹുലും ചേര്‍ന്ന് മറികടന്നത്. 3 വിക്കറ്റുകള്‍ നഷ്ടമായ ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുക്കെട്ട് കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍