Cricket worldcup 2023: ഇന്ത്യയുടെ കണ്ണീരുവീണ ലോകകപ്പ്, എതിരാളികളില്ലാതെ ഓസീസിന്റെ പട്ടാഭിഷേകം

ശനി, 7 ഒക്‌ടോബര്‍ 2023 (15:25 IST)
90കളില്‍ ജനിച്ച ഒരു തലമുറയ്ക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ലോകകപ്പില്‍ ഒന്നായിരിക്കും 2003ലെ ലോകകപ്പ്. സച്ചിന്‍,ദ്രാവിഡ്,ഗാംഗുലി, ശ്രീനാഥ് എന്നീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്,ഹര്‍ഭജന്‍ സിംഗ്, വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍,ആശിഷ് നെഹ്‌റ തുടങ്ങിയ ജൂനിയര്‍ താരങ്ങളും ഒത്തുചേര്‍ന്നതോടെ ലോകകപ്പില്‍ ഫൈനല്‍ വരെയെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തന്നെയായിരുന്നു ടൂര്‍ണമെന്റ് ഫൈനല്‍ വരെ ഇന്ത്യയെ തോളിലേറ്റിയത്.
 
കറുത്ത കുതിരകളായി കെനിയ അട്ടിമറികള്‍ നടത്തിയ ലോകകപ്പെന്ന നിലയിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയ്ക്കായി നടത്തിയ വണ്‍ മാന്‍ ഷോ പ്രകടനങ്ങളുടെ പേരിലും അജയ്യരായി എതിരാളികളെ തച്ചുടച്ച ഓസീസിന്റെ പേരിലുമാകും ഈ ലോകകപ്പ് ഇപ്പോള്‍ അറിയപ്പെടുന്നുണ്ടാവുക. അത്ഭുതകരമായിരുന്നു ലോകകപ്പിലെ കെനിയയുടെ പ്രകടനം. ഒടുവില്‍ സെമിയില്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ സെഞ്ചുറിപ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചത്. ശ്രീലങ്കയെ തകര്‍ത്തുകൊണ്ട് ഓസ്‌ട്രേലിയയും ഫൈനലില്‍ ഇടം നേടി.
 
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ നാണം കെടുത്തിയ ഓസീസിനെതിരെ ഫൈനലില്‍ പകരം വീട്ടാനാകുമെന്നാണ് അന്ന് ലോകമെങ്ങുമുള്ള ഇന്ത്യന്‍ ആരാധകര്‍ കരുതിയിരുന്നത്. ബാറ്റിംഗില്‍ സ്വപ്നഫോമില്‍ കളിക്കുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒപ്പം യുവനിരയും കൂടിയുള്ളതായിരുന്നു ഇന്ത്യയുടെ ബലം. എന്നാല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 140 റണ്‍സ് നേടിയ നായകന്‍ റിക്കി പോണ്ടിംഗിന്റെ പ്രകടനമികവില്‍ 359 റണ്‍സാണ് അടിച്ചെടുത്തത്. 2003 കാലഘട്ടത്തില്‍ അത്തരമൊരു സ്‌കോര്‍ മറികടക്കുക എന്നത് അപ്രാപ്യം തന്നെയായിരുന്നു. അപ്പോഴും ഇന്ത്യന്‍ പ്രതീക്ഷകള്‍ സച്ചിന്‍ എന്ന ഒരൊറ്റയാളുടെ മേലായിരുന്നു. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സച്ചിന്‍ വീണുപോയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു. ഒരു ഭാഗത്ത് സെവാഗും ദ്രാവിഡും പൊരുതി നോക്കിയെങ്കിലും 125 റണ്‍സകലെ മത്സരം ഇന്ത്യ കൈവിട്ടു, വിജയത്തോടെ വെസ്റ്റിന്‍ഡീസിന് ശേഷം ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍