Cricket worldcup 2023: ടീം തോറ്റുപോയി, പക്ഷേ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് ജോ റൂട്ട്

വെള്ളി, 6 ഒക്‌ടോബര്‍ 2023 (14:38 IST)
ഐസിസി ലോകകപ്പ് 2023ന് ആവേശകരമായ പോരാട്ടത്തിലൂടെ തുടക്കമായിരിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കൊണ്ട് ന്യൂസിലന്‍ഡ് തങ്ങളുടെ ലോകകപ്പിലെ യാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. മത്സരത്തില്‍ ഇംഗ്ലണ്ട് നിരയില്‍ 77 റണ്‍സുമായി ജോ റൂട്ട് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ടീം തോറ്റുപോയെങ്കിലും നിരവധി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ റൂട്ട് സ്വന്തമാക്കിയത്.
 
ന്യൂസിലന്‍ഡിനെതിരെ 77 റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചതോടെ ഏകദിന ഫോര്‍മാറ്റില്‍ ന്യൂസിലന്‍ഡിനെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടം റൂട്ട് സ്വന്തമാക്കി. ഈ നേട്ടത്തിനായി 29 റണ്‍സ് മാത്രമാണ് റൂട്ടിന് ആവശ്യമുണ്ടായിരുനത്. അതേസമയം ഏകദിന ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മത്സരത്തില്‍ റൂട്ട് സ്വന്തമാക്കി.
 
16 സെഞ്ചുറിയും 36 അര്‍ധസെഞ്ചുറിയും സഹിതം 48.79 ശരാശരിയില്‍ 6,246 റണ്‍സാണ് റൂട്ടിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ 500 ബൗണ്ടറികളെന്ന നേട്ടവും മത്സരത്തില്‍ റൂട്ട് സ്വന്തമാക്കി. 503 ബൗണ്ടറികളാണ് നിലവില്‍ താരത്തിന്റെ പേരിലുള്ളത്. ഇംഗ്ലണ്ട് താരങ്ങളില്‍ ഓയിന്‍ മോര്‍ഗന്‍(588),മാര്‍കസ് ട്രെസ്‌കോത്തിക്(528),ഇയാന്‍ ബെല്‍(525) എന്നിവരാണ് റൂട്ടിന്റെ മുന്നിലുള്ള മറ്റ് താരങ്ങള്‍. ഇതിനിടെ ലോകകപ്പില്‍ 800 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബാറ്റര്‍ എന്ന റെക്കോര്‍ഡും റൂട്ട് സ്വന്തമാക്കി. ലോകകപ്പില്‍ 897 റണ്‍സ് സ്വന്തമാക്കിയിട്ടുള്ള ഗ്രഹാം ഗൂച്ചാണ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഏഷ്യന്‍ മണ്ണില്‍ 1000 ഏകദിന റണ്‍സുകളെന്ന നേട്ടവും മത്സരത്തില്‍ റൂട്ട് സ്വന്തമാക്കി. ഇതിനായി 47 റണ്‍സായിരുന്നു റൂട്ടിന് ആവശ്യമായി വന്നിരുന്നത്‌
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍