അധികംനാള്‍ ക്രിക്കറ്റില്‍ തുടരില്ലെന്ന സൂചനകള്‍ നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി രംഗത്തെത്തിയതോടെ എതിർപ്പ് പ്രകടിപ്പിച്ച് ആരാധകർ സജീവമായിരുന്നു. എന്നാൽ, അഭ്യൂഹങ്ങളെ തള്ളി താരത്തിന്റെ ബാല്യകാല പരിശീലകനായിരുന്ന രാജ്കുമാർ ശർമ രംഗത്ത് വന്നിരിക്കുകയാണ്.
അടുത്ത ഒരു പത്ത് വർഷം കൂടി കോഹ്ലി ഇന്ത്യൻ ജഴ്സി അണിയും. അടുത്ത 10 വർഷത്തേക്ക് കോഹ്ലി എവിടെക്കും പോകില്ല എന്ന ഉറപ്പ് തനിക്കുണ്ടെന്നും രാജ്കുമാർ പറയുന്നു.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിനു ശേഷമുണ്ടായ കോഹ്ലിയുടെ പരാമർശമാണ് അഭ്യൂഹങ്ങൾക്ക് വഴി തെളിച്ചത്. ക്രിക്കറ്റ് ആസ്വദിക്കാന്‍ തനിക്ക് മുന്നില്‍ ഇനി കുറച്ച് വര്‍ഷങ്ങള്‍ മാത്രമെ ഉള്ളുവെന്നാണ് കോഹ്‌ലി പറഞ്ഞത്.
എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പ്രസ്‌താവന നടത്തിയതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
ഇരുപത്തിയൊമ്പതുകാരനായ കോഹ്‌ലി ഐപിഎല്ലില്‍ നിന്നും വിരമിക്കണമെന്ന ആവശ്യവും ചിലര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന കോഹ്‌ലിയുടെ വിരമിക്കല്‍ സൂചന കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.