ടെസ്റ്റ് ക്യാപ്‌റ്റനെന്ന നിലയിൽ കോലി മികച്ചവനാകാം, ലിമിറ്റഡ് ക്രിക്കറ്റിൽ പക്ഷേ രോഹിത്ത് തന്നെ മുൻപിൽ

Webdunia
തിങ്കള്‍, 28 ജൂണ്‍ 2021 (19:45 IST)
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്‌റ്റന്മാരുടെ പട്ടികയിലാണ് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ സ്ഥാനം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീം, വിദേശങ്ങളിൽ പര‌മ്പര വിജയം തുടങ്ങി കോലിയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങൾ നിരവധിയാണ്.
 
എന്നാൽ കോലിയുടെ അഭാവത്തിൽ നായകനായപ്പോളെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുള്ള രോഹിത്തിനെ പരിമിത ഓവർ ക്രിക്കറ്റിൽ നായകനാക്കണമെന്ന ആവശ്യം ശക്തമാണ്. നമുക്ക് ഇന്ത്യൻ നായകനെന്ന നിലയിൽ രോഹിത്തിനുള്ളതും കോലിക്ക് ഇല്ലാത്തതുമായ റെക്കോഡുകൾ എന്തെന്ന് നോക്കാം.
 
ക്യാപ്‌റ്റനെന്ന നിലയിൽ 2017ലായിരുന്നു രോഹിത്ത് ആദ്യമായി ടീമിനെ നയിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരേ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഇന്ത്യക്കു ജയം സമ്മാനിച്ച രോഹിത് അടുത്ത കളിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ടീമിനു വിജയം നേടിക്കൊടുത്തു. എന്നാൽ ക്യാപ്‌റ്റൻസി അരങ്ങേറ്റത്തിൽ തോൽവിയോടെയായിരുന്നു കോലിയുടെ തുടക്കം.
 
ടി20യിൽ ക്യാപ്‌റ്റനെന്ന നിലയിൽ ഒരു സെഞ്ചുറിയും രോഹിത്തിനുണ്ട്. കോലിക്ക് ടി20യിൽ ഇതുവരെ സെഞ്ചുറി നേടാനായിട്ടില്ല. രോഹിത് ആകെ നേടിയ 4 സെഞ്ചുറികളിൽ രണ്ടെണ്ണം നായകനെന്ന നിലയിലാണ്.നായകനെന്ന നിലയിൽ 94 റൺസാണ് കോലിയുടെ ഉയർന്ന സ്കോർ. ഏകദിനത്തിലെ വിജയശരാശരിയിലും രോഹിത്ത് കോലിയേക്കാൾ മുന്നിലാണ്. ആകെ നയിച്ച 10 ഏകദിനങ്ങളിൽ 8 എണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ക്യാപ്‌റ്റനെന്ന നിലയിൽ ഡബിൾ സെഞ്ചുറിയും രോഹിത്തിന്റെ പേരിലുണ്ട്. 
 
നായകനെന്ന നിലയിൽ കോലി കളിച്ച  2017 ചാമ്പ്യൻസ് ട്രോഫി,ടെസ്റ്റ് ചാമ്പ്യൻഷിപ്പ്,2019 ലോകകപ്പ് എന്നിവയിൽ ഇന്ത്യ പരാജയമേറ്റുവാങ്ങിയിരുന്നു. എന്നാൽ ഒന്നിലേറെ രാജ്യങ്ങൾ മാറ്റുരക്കുന്ന രണ്ട് കിരീടങ്ങൾ നേടാൻ രോഹിത്തിനായി.2018ലെ ഏഷ്യാ കപ്പും ഇതേ വര്‍ഷം തന്നെ നടന്ന നിദാഹാസ് ട്രോഫിയുമായിരുന്നു ഇത്.

അനുബന്ധ വാര്‍ത്തകള്‍

Next Article