വ്യത്യസ്‌ത രാജ്യങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കിലും ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയുടെ ഏറ്റവും അടുത്ത സൗഹൃദമാണ് മുൻ ദക്ഷിണാഫ്രിക്കൻ താരമായ എബി ഡീവില്ലിയേഴ്‌സ്. ഐപിഎല്ലിന്റെ പ്രഥമ സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമായ ഡിവില്ലിയേഴ്‌സ് 2011 സീസൺ മുതൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന താരമായിരുന്നു.
ഐപിഎല്ലിൽ അന്ന് മുതൽ തുടങ്ങിയതാണ് കോലിയും ഡിവില്ലിയേഴ്‌സും തമ്മിലുള്ള ആത്മബന്ധം. 2021 ഐപിഎൽ സീസണീന് ശേഷമായിരുന്നു ഡിവില്ലിയേഴ്‌സ് സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സംഭവം ഓർത്തെടുക്കുകയാണ് വിരാട് കോലി.
ആർസിബി പുറത്തുവിട്ട വീഡിയോയിലാണ് കോലി ഇക്കാര്യം പറഞ്ഞത്. ആ ദിവസം എനിക്കോർമയുണ്ട്. അദ്ദേഹം എനിക്ക് വോയ്‌സ് മെയിൽ അയച്ചിരുന്നു. ടി20 ലോകകപ്പിന് ശേഷം ഞങ്ങള്‍ നാട്ടിലേക്ക് പോയികൊണ്ടിരിക്കുമ്പോഴായിരുന്നു സന്ദേശം. കാറില്‍ എനിക്കൊപ്പം അനുഷ്‌കയും ഉണ്ടായിരുന്നു.
മെസേജ് കണ്ടതിന് ശേഷം ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മുഖം കണ്ടപ്പോൾ തന്നെ കാര്യം എന്താണെന്ന് എന്നോട് പറയേണ്ട എന്നാണ് അവൾ പറഞ്ഞത്. അവൾക്ക് സംഭവമെന്തെന്ന് മനസിലായിരുന്നു. അവളും ഒന്നും മിണ്ടിയില്ല. വിരമിക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ഐപിഎല്‍ സീസണിനിടെ ഡിവില്ലിയേഴ്‌സ് സൂചിപ്പിച്ചിരുന്നതായും കോലി പറയുന്നു.
ഞങ്ങളുടെ രണ്ട് പേരുടെയും റൂമുകൾ അടുത്തടുത്തായിരുന്നു. ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഒന്ന് ഇരുന്ന് സംസാരിക്കണം. ഇതിന് മുൻപ് ഡിവില്ലിയേഴ്‌സ് എന്നോട് ഇങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. വല്ലാത്ത സാഹചര്യമായിരുന്നു അത്. എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല. കോലി പറഞ്ഞു.