ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് പിന്നാലെ അജിങ്ക്യ രഹാനെയും സെഞ്ചുറി നേടിയ മത്സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 351 എന്ന നിലയിലാണ് ഇന്ത്യ. കോഹ്‍ലി 145 റൺസോടെയും രഹാനെ 121 റൺസോടെയും ക്രീസിലുണ്ട്. 219 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സുമുൾപ്പെടെയാണ് രഹാനെ സെഞ്ചുറിയിലേക്കെത്തിയത്.
മൂന്നിന് 267 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി കോഹ്‍ലി-രഹാനെ സഖ്യം അനായാസം റൺസ് വാരിക്കൂട്ടി. ന്യൂസീലൻഡിന്റെ സ്പിൻ-പേസ് ബോളർമാരെ നിഷ്പ്രയാസം നേരിട്ട ഇരുവര്‍ക്കും നാലാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീര്‍ക്കാനും സാധിച്ചു. നേരത്തെ 184 പന്തിൽനിന്ന് 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് കോഹ്ലി സെഞ്ചുറി നേടിയത്.