ആദ്യ ടെസ്റ്റിലെ മോശം പ്രകടനം തിരിച്ചടിയായി, റാങ്കിംഗിൽ കോലിയ്ക്കും രോഹിത്തിനും അടിതെറ്റി

അഭിറാം മനോഹർ
വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (11:06 IST)
ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ കോലിയ്ക്കും രോഹിത്തിനും തിരിച്ചടി. ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ തിളങ്ങാന്‍ ഇരുതാരങ്ങള്‍ക്കും ആയിരുന്നില്ല. ഇതോടെ ഇരുതാരങ്ങളും റാങ്കിംഗില്‍ അഞ്ച് സ്ഥാനം താഴേക്കിറങ്ങി. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ കോലി 12മത് സ്ഥാനത്തും രോഹിത് ശര്‍മ പത്താം സ്ഥാനത്തുമാണ്.
 
ഐസിസി ടെസ്റ്റ് റാങ്കിംഗ് പ്രകാരം ജോ റൂട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലുമാണ് തുടര്‍ന്നുള്ള സ്ഥാനത്തുള്ളത്. ഓസീസ് സ്റ്റാര്‍ ബാറ്ററായ സ്റ്റീവ് സ്മിത്ത് ലിസ്റ്റില്‍ നാലാമതാണ്. അതേസമയം ബംഗ്ലാദേശിനെതിരായ ടെസ്റ്റിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് താരം റിഷഭ് പന്ത് റാങ്കിംഗിലും നേട്ടമുണ്ടാക്കി. ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ റിഷഭ് പന്ത് നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള യശ്വസി ജയ്‌സ്വാളാണ് ടെസ്റ്റ് റാങ്കിംഗില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ബംഗ്ലാദേശിനെതിരെ ആദ്യ ഇന്നിങ്ങ്‌സില്‍ അര്‍ധസെഞ്ചുറി നേടാന്‍ താരത്തിനായിരുന്നു.
 
അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനാണ് ഒന്നാം സ്ഥാനത്തുള്ളത്. പേസര്‍ ജസ്പ്രീത് ബുമ്ര ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article