പ്രതിഫലത്തെചൊല്ലി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും ടീം അംഗങ്ങളും തമ്മിലുള്ള തര്‍ക്കം കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കി. പ്രതിഫല കുടിശിക നല്‍കിയില്ലെങ്കില്‍ മല്‍സരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് വെസ്റ്റിന്‍ഡീസ് ടീം അംഗങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസ് ടീം പരിശീലനത്തിന് ഇറങ്ങാതിരുന്നത്.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരെ കബളിപ്പിക്കുകയാണെന്ന് ടീം ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ ട്വിറ്ററില്‍ കുറിച്ചു. സ്കൂള്‍ കുട്ടികളോടെന്നപോലെയാണ് ബോര്‍ഡ് തങ്ങളോട് പെരുമാറുന്നത്. ബോര്‍ഡ് കളിക്കാരെ പരിഹസിക്കുകയാണെന്നും ബ്രാവോ കുറ്റപ്പെടുത്തി.
അതേസമയം കളിക്കാരുടെ വീഴ്ച കാരണം മല്‍സരം മുടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമായിരിക്കുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി കളിക്കാരുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നേതൃത്വം അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും അത് പരാജയമാകുകയായിരുന്നു. അതേസമയം എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മല്‍സരം നടത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി സി മാത്യുവിന്റെ നിലപാട്.
മല്‍സരം നടത്താനുള്ള തീവ്രശ്രമത്തിലാണ് ബിസിസിഐയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴ കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മുതല്‍ മഴ വിട്ടുനില്‍ക്കുന്നതും തെളിഞ്ഞ അന്തരീക്ഷവും പ്രതീക്ഷ നല്‍കിയതാണ്. അതിനിടെയാണ് വെസ്റ്റിന്‍ഡീസ് കളിക്കാരുടെ പ്രതിഷേധം കൊച്ചി ഏകദിനത്തെ അനിശ്ചിതത്വത്തിലാക്കിയത്. അതേസമയം കളി മുടങ്ങിയാല്‍ വന്‍ തുക നഷ്ടപരിഹാരമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കേണ്ടി വരും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.