കെ.എല്‍.രാഹുലിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായക സ്ഥാനം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി പരുക്കിന്റെ പിടിയിലാകുന്നതാണ് രാഹുലിന് തിരിച്ചടിയായത്. രാഹുലിന് പകരം ഹാര്‍ദിക് പാണ്ഡ്യയെ സ്ഥിരം ഉപനായകനാക്കാന്‍ സെലക്ടര്‍മാരും ബിസിസിഐ നേതൃത്വവും ആലോചിക്കുന്നതായി ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട്.
തുടര്‍ച്ചയായി പരുക്കിന്റെ കെണിയില്‍ പെടുന്ന കെ.എല്‍.രാഹുലിനെ ഉപനായക സ്ഥാനത്തു നിന്ന് നീക്കി ഹാര്‍ദിക്കിന് ഉത്തരവാദിത്തം നല്‍കുന്നതാണ് ഉചിതമെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. കെ.എല്‍.രാഹുലിന് പരുക്ക് കാരണം ഒട്ടേറെ മത്സരങ്ങള്‍ നഷ്ടമാകുകയാണെന്നും അങ്ങനെയൊരു താരത്തിന് ഉപനായകന്റെ ഉത്തരവാദിത്തം നല്‍കേണ്ടതില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം. ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ ഹാര്‍ദിക്കിനെ ഉപനായകനായും പ്രഖ്യാപിക്കാനാണ് സാധ്യത.
'പാണ്ഡ്യ ഒരു ലോകോത്തര താരമാണ്. അദ്ദേഹത്തെ ഉപനായകനാക്കാനുള്ള തീരുമാനം സെലക്ടര്‍മാരുടേതാണ്. നേതൃമികവുള്ള താരങ്ങളുടെ ഗ്രൂപ്പില്‍ ഹാര്‍ദിക്കിന്റെ പേര് എപ്പോഴും ഉണ്ട്. അദ്ദേഹത്തിനു അവസരങ്ങള്‍ കിട്ടിയാല്‍ കൂടുതല്‍ ശോഭിക്കുമെന്ന് ഉറപ്പ്,' ഒരു ബിസിസിഐ ഉന്നതനെ ഉദ്ദരിച്ച് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു.