ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ബാറ്റര്‍ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തുന്നതില്‍ ആശയക്കുഴപ്പം തുടരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും താരം കളിക്കാനുള്ള സാധ്യത കുറവാണ്. വിദഗ്ദ പരിശോധനയ്ക്കായി രാഹുലിനെ ബിസിസിഐ ലണ്ടനിലേക്ക് അയച്ചതായാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് പിന്നാലെയാണ് പരിക്കിനെ പറ്റിയുള്ള ആശങ്കകള്‍ താരത്തിനുണ്ടായത്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് വിശാഖപ്പട്ടണം ടെസ്റ്റില്‍ രാഹുലിനെ കളിപ്പിച്ചിരുന്നില്ല. രാജ്‌കോട്ട് ടെസ്റ്റിലൂടെ രാഹുല്‍ മടങ്ങിയെത്തുമെന്നാണ് കരുതിയതെങ്കിലും നാലാം ടെസ്റ്റിലും രാഹുലിന് കളിക്കാനായില്ല. രാജ്‌കോട്ട് ടെസ്റ്റിന്റെ സമയത്ത് രാഹുല്‍ 90 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ മാര്‍ച്ച് ഏഴിന് ധരംശാലയില്‍ അഞ്ചാം ടെസ്റ്റ് നടക്കാനിരിക്കുമ്പോഴും താരത്തിന്റെ ഫിറ്റ്‌നസിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെയാണ് താരത്തെ വിദഗ്ദ പരിശോധനയ്ക്കായി ബിസിസിഐ വിദേശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയ ചെയ്ത കാലില്‍ തന്നെയാണ് താരത്തിന് ഇത്തവണയും പരിക്ക്. ടെസ്റ്റ് പരമ്പര ഇന്ത്യ ഇതിനകം നേടിയതിനാല്‍ രാഹുലിനെ തിടുക്കപ്പെട്ട് ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയില്ല. നിലവില്‍ ടെസ്റ്റ്,ഏകദിന ടീമുകളില്‍ നിര്‍ണായകമായ താരമായതിനാല്‍ രാഹുലിന്റെ ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധയാണ് ബിസിസിഐ പുലര്‍ത്തുന്നത്. അഞ്ചാം ടെസ്റ്റില്‍ ബുമ്ര ടീമില്‍ തിരിച്ചെത്തുമെങ്കിലും ചില താരങ്ങള്‍ക്ക് മത്സരത്തില്‍ ബിസിസിഐ വിശ്രമം അനുവദിച്ചേക്കും.