ടെസ്റ്റിൽ ക്യാപ്‌റ്റൻ കോലി വേറെ റേഞ്ചാണ്, ഇന്ത്യയെ പിൻസീറ്റിലാക്കിയത് രാഹുലിന്റെ ക്യാപ്‌റ്റൻസി

വെള്ളി, 7 ജനുവരി 2022 (14:37 IST)
ലിമിറ്റഡ് ഓവറികളിൽ ഒരു ശരാശരി നായകൻ എന്ന ലേബൽ പലപ്പോഴും വിരാട് കോലിക്ക് ലഭിക്കാറുണ്ടെങ്കിലും ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യയുടെ എന്നല്ല ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ നായകന്മാർക്കിടയിലാണ് വിരാട് കോലിയുടെ സ്ഥാനം. സമനിലകൾ വിരസമാക്കിയ ടെസ്റ്റ് മത്സരങ്ങൾക്ക് ഇന്ത്യ വിട പറയുന്നത് വിരാടിന്റെ നായകത്വത്തിന് കീഴിലാണെന്ന് പറഞ്ഞാൽ അതിൽ അല്പം പോലും അതിശയോക്തിയില്ലെന്ന് കണക്കുകൾ നമ്മളോട് പറയും.
 
ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ച് ദിവസവും ഒരേ ആവേശത്തോടെ മൈതാനത്ത് നിറയുന്ന കോലി ടെസ്റ്റ് ക്രിക്കറ്റിലെ ഒരു സുന്ദരമായ കാഴ്‌ച്ചയാണ്. ടെസ്റ്റ് ക്രിക്കറ്റിനെ വീണ്ടും ജനപ്രീതിയിലേക്ക് ഉയർത്താൻ കോലി സഹായിച്ചുവെന്ന് ഇതിഹാസ താരങ്ങൾ സാക്ഷ്യം പറയുന്നത് ചുമ്മാതല്ലെന്ന് സാരം. എന്നാൽ കോലി ഇന്ത്യൻ ക്രിക്കറ്റിനെ നടത്തിയ വഴികളിൽ നിന്നുള്ള തിരിഞ്ഞുനടത്തമായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ കാണാനായത്.
 
34 കാരനായ രോഹിത് ശർമയും 33കാരനായ കോലിയും ടെസ്റ്റ് ടീം നായകരായി അധിക‌കാലം ഉണ്ടാകില്ലെന്നിരിക്കെ ഇന്ത്യയുടെ ഭാവി ടെസ്റ്റ് നായകനായി കണക്കാക്കുന്ന കെഎൽ രാഹുലിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം ഭാവി എത്ര‌ത്തോളം ശോഭ‌നമാണ് എന്ന ചോദ്യമാണ് രണ്ടാം ടെസ്റ്റ് മത്സരം ഉയർത്തുന്നത്.
 
കളിക്കാരിൽ മനോഭാവം കൊണ്ടും ക്യാപ്‌റ്റൻസി കൊണ്ടും വീര്യം നിറയ്ക്കുന്ന കോലി എലമെന്റിന്റെ അഭാവം തീർത്തും അന്യം നിൽക്കുന്നതായാണ് വാണ്ടറേഴ്‌സ് ടെസ്റ്റിന്റെ നാലാം ദിനത്തിൽ കാണാനായത്. 150 റൺസിന് മുകളിൽ ടാർജെറ്റ് സെറ്റ് ചെയ്‌ത 27 കളികളിൽ 25 എണ്ണത്തിലും കോലിയുടെ ഇന്ത്യൻ ടീമിന് വിജയിക്കാനായി എന്ന റെക്കോർഡ് വിളിച്ച് പറയുന്നത്. ഒരു ടീം എന്ന നിലയിൽ അവസാനം വരെ പൊരുതുന്ന ഇന്ത്യയുടെ മനോവീര്യത്തെയാണ്.
 
എന്നാൽ ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തിൽ പോലും സമ്മർദ്ദത്തിലാക്കാൻ കഴിയാതെ തോൽവി ഒഴിവാക്കാൻ കളിക്കുന്ന ടീമിനെയാണ് വാണ്ടറേഴ്‌സിൽ കാണാനായത്. ദക്ഷിണാഫ്രിക്കയുടെ സ്ലഡ്ജിങ് തന്ത്രത്തെ ഒതുക്കാനുള്ള പ്രത്യാക്രമണ തന്ത്രങ്ങളും രാഹുലിനില്ലായിരുന്നു. കൂടാതെ രാഹുലിന്റെ പരിചയകുറവും ഇന്ത്യയെ തളർത്തി. ബാറ്റ്സ്മാനെന്ന നിലയിൽ മികച്ച് നിന്നെങ്കിലും തന്റെ ഒപ്പമുള്ള കളിക്കാരെ എങ്ങനെ പ്രയോജനപ്പെടുത്തണം, ടീമിൽ എങ്ങനെ ആത്മവിശ്വാസം നിറയ്ക്കണം എന്നതിലെല്ലാം രാഹുൽ പരാജയമായപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് മുൻപിൽ ‌പൊരുതാനാവാതെ കീഴടങ്ങുകാണ് ഇന്ത്യ ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍