കഴിഞ്ഞ 20 വർഷക്കാലത്ത് ഇത്രയും മോശം റെക്കോർഡുള്ള ടെസ്റ്റ് ഓപ്പണറില്ല : കെ എൽ രാഹുലിനെ നിർത്തിപൊരിച്ച് മുൻ ഇന്ത്യൻ താരം

ഞായര്‍, 19 ഫെബ്രുവരി 2023 (14:31 IST)
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ ദയനീയ പ്രകടനമാണ് ഇന്ത്യൻ താരം കെ എൽ രാഹുൽ നടത്തുന്നത്. 2022ൽ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റിൽ നേടിയ അർധസെഞ്ചുറിക്ക് ശേഷം കാര്യമായൊന്നും ടെസ്റ്റിൽ ചെയ്യാൻ രാഹുലിനായിട്ടില്ല. ഇത്രയും മോശം പ്രകടനം നടത്തിയിട്ടും താരത്തിന് വലിയ പിന്തുണയാണ് ബിസിസിഐ നൽകുന്നത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്.
 
കഴിഞ്ഞ 20 വർഷക്കാലത്ത് ഇത്രയും മോശം റെക്കോർഡുള്ള ഒരു ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർ ഉണ്ടായിട്ടില്ലെന്ന് പ്രസാദ് പറയുന്നു. പ്രതിഭയുള്ള ധാരാളം താരങ്ങളുടെ അവസരമാണ് രാഹുൽ നഷ്ടപ്പെടുത്തുന്നതെന്ന് പ്രസാദ് ട്വീറ്റ് ചെയ്തു. ഇത്രയും മോശം ബാറ്റിംഗ് ആവറേജുമായി കഴിഞ്ഞ 20 വർഷക്കാലത്ത് ഒരു ഇന്ത്യൻ താരവും ടെസ്റ്റിൽ തുടർന്നിട്ടില്ല.
 
സദഗോപൻ രമേശ്, ശിവ് സുന്ദർ ദാസ് എന്നിവരെല്ലാം പൊട്ടെൻഷ്യൽ ഉള്ള താരങ്ങളായിരുന്നു. എന്നാൽ രണ്ട് പേർക്കും 38+ ബാറ്റിംഗ് ആവറേജ് മാത്രമാണുണ്ടായിരുന്നത്. 23ൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ഇരുവർക്കും കളിക്കാനായില്ല. പക്ഷേ കഴിഞ്ഞ അഞ്ച് വർഷത്തിൽ രാഹുൽ 27 ബാറ്റിംഗ് ആവറേജുമായി 47 ഇന്നിങ്ങ്സുകളാണ് കളിച്ചത്. കുൽദീപ് യാദവിനെ പോലുള്ള താരങ്ങൾ മാൻ ഓഫ് ദ മാച്ചായ ശേഷമുള്ള അടുത്ത മത്സരത്തിൽ ടീമിൽ നിന്നും പുറത്താകുമ്പോഴാണ് ഈ അവസ്ഥ. വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍