ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വരുംകാല പ്രതിഭയെന്ന വളരെവേഗം വിശേഷണം സ്വന്തമാക്കിയ താരമാണ് കെ എൽ രാഹുൽ. സാങ്കേതിക തികവാർന്ന ബാറ്റിംഗ് പ്രകടനത്തോടെ പിടിച്ചുനിൽക്കാനും അതേസമയം സംഹാരരൂപനായി അടിച്ച് തകർക്കാനും തനിക്കാവുമെന്ന് രാഹുൽ തെളിയിച്ചിട്ടുണ്ട്. എന്നാൽ സമീപകാലത്തായി അമിതമായ പ്രതിരോധത്തിലുള്ള പ്രകടനമാണ് താരം നടത്തുന്നത്.
പരിമിത ഓവർ ക്രിക്കറ്റിൽ ശരാശരിക്ക് മുകളിലുള്ള പ്രകടനം നടത്തുമ്പോഴും ടെസ്റ്റിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി ദയനീയമായ പ്രകടനം നടത്തുമ്പോഴും കെ എൽ രാഹുൽ തന്നെയാണ് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ. ശുഭ്മാൻ ഗിൽ ടെസ്റ്റിൽ ഓപ്പണറായി തിളങ്ങിനിൽക്കുമ്പോൾ രാഹുലിന് വീണ്ടും അവസരങ്ങൾ യഥേഷ്ടം നൽകുന്നത് വലിയ വിമർശനമാണ് വരുത്തുന്നത്.
2022ലാകട്ടെ 8 ഇന്നിങ്ങ്സുകളിൽ നിന്ന് 17.12 ശരാശരിയിലാണ് ഓപ്പണിങ്ങിൽ താരം കളിച്ചത്. 2018 മുതലുള്ളകണക്കുകളെടുത്താൽ 2021ലൊഴികെ 24 എന്ന ശരാശരിയ്ക്ക് താഴെയാണ് രാഹുൽ ബാറ്റ് വീശുന്നത്. രോഹിത് ശർമ- ശുഭ്മാൻ ഗിൽ ഓപ്പണിങ് ജോഡി സമീപകാലത്തായി മികച്ച പ്രകടനം നടത്തുമ്പോഴാണ് ഗില്ലിനെ മാറ്റികൊണ്ട് ബിസിസിഐ രാഹുലിന് വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നത്.
താരത്തിൻ്റെ പ്രതിഭയെ പറ്റി സംശയമില്ലെങ്കിലും തുടർച്ചയായി രാഹുലിന് നൽകുന്ന അവസരം മറ്റൊരു താരത്തിനോടുള്ള നീതിനിഷേധമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗില്ലും ആഭ്യന്തര ക്രിക്കറ്റിൽ സർഫറാസ് ഖാനും ടെസ്റ്റ് ടീമിലെ തങ്ങളുടെ സ്ഥാനത്തിനായി കാത്ത് നിൽക്കുമ്പോഴാണ് കെ എൽ രാഹുലിനെ ബിസിസിഐ വഴിവിട്ട പിന്തുണ നൽകുന്നത്.