ധോണിക്ക് പിന്‍‌ഗാമിയെത്തി; ഇത് കോഹ്‌ലിയുടെ കളി - ഇംഗ്ലണ്ടുമായുള്ള ഏകദിനം നാടകീയം!

ചൊവ്വ, 24 ജനുവരി 2017 (14:23 IST)
നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ മഹേന്ദ്ര സിംഗ് ധോണി വീണ്ടും അപകടകാരിയാകുന്നു. നായകന്റെ സമ്മര്‍ദ്ദമില്ലാതെ കളിക്കുന്ന ധോണി തന്റെ പ്രതാപകാലത്തേക്ക് തിരിച്ചു പോയേക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.

ഇംഗ്ലണ്ടിനെതിരെ സെഞ്ചുറിയുള്‍പ്പെടെ മികച്ച പ്രകടനം പുറത്തെടുത്ത ധോണി വിമര്‍ശകരുടെ വായടപ്പിച്ചു. എന്നാല്‍ കേദാര്‍ ജാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ യുവരാജ് സിംഗിന്റെയും ധോണിയുടെയും പ്രകടനം അലിഞ്ഞു പോകുകയായിരുന്നു.

ബെസ്‌റ്റ് ഫിനിഷറായ ധോണിയുടെ പിന്‍‌ഗാമിയായിട്ടാണ് കേദാര്‍ ജാദവിനെ നോക്കിക്കാണുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യത്തെയും അവസാനത്തെയും ഏകദിനത്തില്‍ ജാദവ് നടത്തിയ പോരാട്ടം മനോഹരമായിരുന്നു. ആദ്യ മത്സരത്തില്‍ കോഹ്‌ലിക്കൊപ്പം ചേര്‍ന്ന് ടീമിന് ജയം സമ്മാനിച്ചപ്പോള്‍ അവസാന ഏകദിനത്തില്‍ ടീം ഇന്ത്യയെ ഒറ്റയ്‌ക്ക് നയിക്കാനും ജാദവിനായി.

അവസാന ഓവറുകളിൽ അക്ഷോഭ്യനായി ബാറ്റു ചെയ്യുന്ന ജാദവിൽ ധോണി സ്‌റ്റൈല്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. തന്റെ ഫിനിഷിങ് കഴിവ് നഷ്ടമായിത്തുടങ്ങിയെന്ന് ധോണി  തുറന്നു സമ്മതിച്ച സമയത്താണ് ജാദവിന്റെ വരവും തകര്‍പ്പന്‍ പ്രകടനവുമെന്നത് ശ്രദ്ധേയം.

ഇതുവരെ 15 ഏകദിനങ്ങൾ കളിച്ച ജാദവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചത് 11 ഇന്നിങ്സുകളിലാണ്. 58.50 റൺസ് ശരാശരിയിൽ നേടിയത് 468 റൺസും. സ്ട്രൈക്ക് റേറ്റ് 121.55. സ്വന്തം പേരിലുള്ളത് രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും. അഞ്ച് ട്വന്റി20 മൽസരങ്ങളിലും ദേശീയ ടീം ജേഴ്‌സിയണിഞ്ഞിട്ടുള്ള ജാദവ് 91 റൺസും നേടിയിട്ടുണ്ട്.

ചാമ്പ്യന്‍‌സ് ട്രോഫിയടക്കമുള്ള വലിയ ടൂര്‍ണമെന്റുകള്‍ ഇന്ത്യക്ക് കളിക്കേണ്ട സാഹചര്യം അടുത്തിരിക്കെ ജാദവിന്റെ പ്രകടനം കോഹ്‌ലിക്ക് ആശ്വസമാകുന്നുണ്ട്. മുന്‍ നിര വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീണാലും കളിയുടെ ഗതി തിരിച്ചു വിടാനുള്ള അദ്ദേഹത്തിന്റെ പ്രകടനമാണ് അതിശയിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക