ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്സിലും സെഞ്ചുറി നേടി സെഞ്ചുറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയും പിന്നിലാക്കി ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ സെഞ്ചുറിയോടെ 30 സെഞ്ചുറികളുമായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയെ വില്യംസണ്‍ നേരത്തെ മറികടന്നിരുന്നു. 31 സെഞ്ചുറികളുള്ള വില്യംസണിന് മുന്നില്‍ 32 സെഞ്ചുറികളുമായി ഓസീസ് താരം സ്റ്റീവ് സ്മിത്ത് മാത്രമാണ് മുന്നിലുള്ളത്.
30 ടെസ്റ്റ് സെഞ്ചുറികള്‍ തികയ്ക്കാന്‍ ഏറ്റവും കുറവ് ഇന്നിങ്ങ്‌സ് കളിച്ച താരങ്ങളില്‍ നാലാമത്തെ താരമാണ് വില്യംസണ്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(159),സ്റ്റീവ് സ്മിത്ത്(162),മാത്യു ഹെയ്ഡന്‍(167) എന്നിവരാണ് അതിവേഗത്തില്‍ 30 സെഞ്ചുറി തികച്ചവരില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലിയ്ക്ക് 191 ഇന്നിങ്ങ്‌സുകളില്‍ നിന്നും 29 സെഞ്ചുറികളാണുള്ളത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള വില്യംസണ്‍ അവസാനമായി 6 ഇന്നിങ്ങ്‌സുകളില്‍ നിന്നും നേടുന്ന ആറാം സെഞ്ചുറിയാണിത്. ഒരു ഡബിള്‍ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നത്. അവസാന 11 ഇന്നിങ്ങ്‌സുകളില്‍ 4,132,1,121,215,104,11,13,11,118,109 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.