2003ന് ശേഷം ന്യൂസിലൻഡിനെ ഐസിസി ടൂർണമെന്റുകളിൽ തോൽപ്പിക്കാൻ ഇന്ത്യയ്‌ക്കായിട്ടില്ല! ചരിത്രം തിരുത്താൻ ഇന്ത്യയ്‌ക്കാവുമോ?

ബുധന്‍, 9 ജൂണ്‍ 2021 (18:27 IST)
ജൂൺ 18ന് ഇ‌ന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ. ഫൈനലിൽ ന്യൂസിലൻഡിനെ തോൽപ്പിക്കാനായാൽ ഇന്ത്യയുടെ 8 വർഷത്തെ ഐസിസി കിരീട വരൾച്ചയ്‌ക്ക് അത് അറുതി കുറിക്കും. എന്നാൽ വമ്പൻ ടൂർണമെന്റുകളിൽ കാലിടറുന്നത് പതിവാക്കിയ ഇന്ത്യക്ക് അത് സാധ്യമാകുമോ എന്നതാണ് പ്രധാന ചോദ്യം.
 
ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾക്കൊപ്പം ഐസിസി ടൂർണമെന്റുകളിൽ എക്കാലവും ഇന്ത്യക്ക് പ്രതിസന്ധി സൃഷ്‌ടിച്ച ടീം കൂടിയാണ് ന്യൂസിലൻഡ് എന്നതാണ് ഇന്ത്യയെ അലട്ടുന്നത്. 2019 ലോകകപ്പ് സെമിയിലെ തോൽവി ഇന്ത്യൻ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന അധ്യായമാണ്. 2003 ലോകകപ്പിലാണ് ഇന്ത്യ അവസാനമായി ന്യൂസിലൻഡിനെ ഒരു വമ്പൻ ടൂർണമെന്റിൽ പരാജയപ്പെടുത്തിയത്.
 
ഇപ്പോഴിതാ തങ്ങളുടെ കാലത്തിന് ശേഷം പ്രധാന മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ്. ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിച്ച അവസാന നിര ഞങ്ങളുടെ പഴയനിരയുടേത് ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് കൈഫ് പറയുന്നത്. ഈ തോൽവികളുടെ അവസാനം കുറിക്കാൻ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനാകട്ടെയെന്നും കൈഫ് ആശംസിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍