ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജോ റൂട്ട്, പിന്നിലാക്കിയത് കെയ്ൻ വില്യംസണെ

അഭിറാം മനോഹർ
ബുധന്‍, 31 ജൂലൈ 2024 (20:05 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇംഗ്ലണ്ട് താരമായ ജോ റൂട്ട്. പുതിയ റാങ്കിംഗ് പ്രകാരം ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണെ മറികടന്നാണ് ജോ റൂട്ട് ഒന്നാമതെത്തിയത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് റൂട്ടിനെ സഹായിച്ചത്. കരിയറില്‍ ഇത് ഒമ്പതാം തവണയാണ് റൂട്ട് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അവസാനമായി താരം ഒന്നാം റാങ്കിലെത്തിയത്.
 
വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി 87 റണ്‍സടിച്ചതോടെ റൂട്ട് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്ന് സീസണുകളിലും 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോറ്ഡ് സ്വന്തമാക്കിയിരുന്നു. 872 റേറ്റിംഗ് പോയിന്റുള്ള റൂട്ടിന് പിന്നിലായി 859 പോയിന്റുകളോടെ കെയ്ന്‍ വില്യംസണ്‍ രണ്ടാമതായുണ്ട്. 768 റേറ്റിംഗ് പോയന്റുകളുള്ള പാക് നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ മൂന്നാമത്.
 
 ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ ആറാമതും യശ്വസി ജയ്‌സ്വാള്‍ എട്ടാമതും വിരാട് കോലി പത്താം സ്ഥാനത്തുമാണ്. ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ 870 റേറ്റിങ്ങ് പോയിന്റുകളുമായി ഇന്ത്യയുടെ ആര്‍ അശ്വിനാണ് ഒന്നാം സ്ഥാനത്തുള്ളത്. 847 പോയന്റുള്ള ജസ്പ്രീത് ബുമ്ര പട്ടികയില്‍ രണ്ടാമതാണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തും ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്തുമാണ്. പട്ടികയില്‍ ഇന്ത്യന്‍ താരമായ അക്‌സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്താണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article