കുംബ്ലെയെ മറികടന്ന് ആൻഡേഴ്‌സൺ, മുന്നിലു‌ള്ളത് ഷെയ്‌ൻ വോണും, മുരളീധരനും മാത്രം

Webdunia
ശനി, 7 ഓഗസ്റ്റ് 2021 (21:22 IST)
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ സ്പിൻ ഇതിഹാസം അനിൽ കുംബ്ലെയെ മറികടന്ന് ഇംഗ്ലീഷ് പേസർ ജെയിംസ് ആൻഡേഴ്‌സൺ. നോട്ടിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ കെ എല്‍ രാഹുലിനെ ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച ആന്‍ഡേഴ്സണ്‍ ടെസ്റ്റില്‍ 620 വിക്കറ്റ് തികച്ചു. ഇതോടെ 619 ടെസ്റ്റ് വിക്കറ്റുകളെന്ന ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെയുടെ റെക്കോർഡ് ആൻഡേഴ്‌സൺ മറികടന്നു.
 
708 ടെസ്റ്റ് വിക്കറ്റുകളുള്ള ഓസീസ് താരം ഷെയ്ന്‍ വോണും 800 വിക്കറ്റുകളുള്ള ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനും മാത്രമാണ് ഇനി 39കാരനായ ആന്‍ഡേഴ്സണ് മുന്നിലുള്ളത്. 163 ടെസ്റ്റുകളിൽ നിന്നാണ് ആൻഡേഴ്‌സണിന്റെ നേട്ടം. 133 ടെസ്റ്റുകളിൽ നിന്ന് 800 വിക്കറ്റുകളുമായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധര‌നാണ് പട്ടികയിൽ ഒന്നാമത്. 145 ടെസ്റ്റുകളിൽ നിന്ന് 708 വിക്കറ്റുകളുമായി ഓസീസ് ഇതിഹാസം ഷെയ്‌ൻ വോൺ ആണ് രണ്ടാമത്.
 
അതേസമയം പേസ് ബൗളിങ്ങിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന നേട്ടം ജെയിംസ് ആൻഡേഴ്‌സണിന്റെ പേരിലാണ്.ഇന്ത്യക്കെതിരായ നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇതുവരെ നാലു വിക്കറ്റുകളാണ് ആന്‍ഡേഴ്സണ്‍ പിഴുതത്. കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ക്യാപ്റ്റന്‍ വിരാട് കോലി, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരാണ് നോട്ടിംഗ്ഹാം ടെസ്റ്റില്‍ ആന്‍ഡേഴ്സന്റെ ഇരകളായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article