ഇന്ത്യയിലെ മികവ് വിദേശത്തും വേണം, ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം രോഹിത്തിന് നിർണായ‌കം

ബുധന്‍, 4 ഓഗസ്റ്റ് 2021 (20:29 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങൾ ഇന്നാരംഭിക്കുമ്പോൾ 14 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് മണ്ണിൽ ടെസ്റ്റ് പരമ്പരയെന്ന വലിയ നേട്ടമാണ് കോലിക്കും സംഘത്തിനും മുൻപിലുള്ളത്. സീരീസ് സ്വന്തമാക്കുക എന്ന ഒറ്റലക്ഷ്യവുമായി ഇന്ത്യൻ സംഘമിറങ്ങുമ്പോൾ ഇത്തവണ പ്രധാനപ്പെട്ട റോളിൽ ഇ‌ന്ത്യയുടെ ഹി‌‌റ്റ്‌മാനുമുണ്ട്.
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിച്ചതാണെങ്കിലും 40 ടെസ്റ്റുകളുടെ മത്സരപരിചയം മാത്രമാണ് രോഹിത്തിനുള്ളത്. കൂടാതെ വിദേശപിച്ചുകളിൽ മോശം റെക്കോഡുമാണ് താരത്തിനുള്ളത്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചും ഡ്യൂക്ക് ബോളും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്ന് കണക്കുകൂട്ടുമ്പോൾ ഇന്ത്യൻ മണ്ണിൽ മാത്രം റൺസുകൾ വാരിക്കൂട്ടുന്ന ബാറ്റ്‌സ്മാൻ എന്ന ചീത്തപേര് കൂടി മാറ്റാണ് രോഹിത് ഇറങ്ങുന്നത്.
 
ടീമിലെ സീനിയർ താരമാണെങ്കിലും ഇംഗ്ലണ്ടിൽ രോഹിത്തിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. മുൻ വർഷങ്ങൾക്ക് സമാനമായ പ്രകടനമാണ് രോഹിത് നടത്തുന്നതെങ്കിൽ ഇന്ത്യൻ മണ്ണിൽ മാത്രം തിളങ്ങുന്നു എന്ന ദുഷ്‌പേരായിരിക്കും രോഹിത്തിന് ലഭിക്കുക. കൂടാതെ ഓപ്പണിങ് സ്ഥാനത്തിനായി പൃഥ്വി ഷാ, മായങ്ക് അഗർവാൾ,ശുഭ്‌മാൻ ഗിൽ എന്നീ താരങ്ങളും കാത്തിരിക്കുന്നുണ്ട്. 
 
രോഹിത്തിന്റെ പ്രായം 34 എന്നത് കൂടി കണക്കിലെടുക്കുമ്പോൾ ഇംഗ്ലണ്ട് സീരിസിലെ മോശം പ്രകടനം ഒരുപക്ഷേ ടീമിന് പുറത്തേയ്ക്കുള്ള വാതിലായും മാറാവുന്നതാണ് എന്ന സാധ്യതയാണ് ഇംഗ്ലണ്ട് സീരീസിനെ രോഹിത്തിന് നിർണായകമാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍