ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം: സെഞ്ചുറി വരൾച്ച അവസാനിപ്പിക്കാൻ കോലി

ചൊവ്വ, 3 ഓഗസ്റ്റ് 2021 (19:16 IST)
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോലിയ്ക്ക് ഇത് തന്റെ സെഞ്ചുറി വരൾച്ചയ്ക്ക് അവസാനം കുറിക്കാനുള്ള അവസരം കൂടിയാണ്. ക്രിക്കറ്റിലെ ഏതാണ്ട് എല്ലാ റെക്കോർഡുകളും സ്വന്തം പേരിലേക്ക് ചേർക്കുന്നതിനുള്ള തിരക്കിലാണെങ്കിലും 2019ന് ശേഷം ഒരു സെഞ്ചുറി പ്രകടനം ഇന്ത്യൻ നായകനിൽ നിന്നും ഉണ്ടായിട്ടില്ല.
 
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഈ സെഞ്ചുറിയ്ക്ക് കോലി അറുതി കുറിയ്ക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഒപ്പം നിരവധി റെക്കോർഡ് നേട്ടങ്ങളുടെ അടുത്താണ് ഇന്ത്യൻ നായകൻ. 92 ടെസ്റ്റുകളിൽ നിന്ന് 7547 റൺസ് എടുത്തിട്ടുള്ള കോലിയ്‌ക്ക് 8000 ടെസ്റ്റ് റൺസ് എന്ന നാഴികകല്ലിനായി വേണ്ടത് 453 റൺസ്. 
 
അതേസമയം ഇംഗ്ലണ്ടിനെതിരെ 2000 റൺസ് എന്ന റെക്കോർഡും കോലിയുടെ കൈയരികെയാണ്. ഈ വർഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ കാര്യമായ പ്രകടനം നടത്താൻ കോലിക്കായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ 2000 റൺസ് നേടാൻ 258 റൺസാണ് കോലിക്ക് വേണ്ടത്. അതേസമയം ഒരു സെഞ്ചുറി കൂടി നേടാനായാൽ ക്യാപ്‌റ്റൻ എന്ന നിലയിൽ കൂടുതൽ സെഞ്ചുറികളെന്ന് റിക്കി പോണ്ടിങിന്റെ നേട്ടം മറികടക്കാൻ കോലിക്ക് സാധിക്കും. 41 സെഞ്ചുറികളാണ് ഇരുതാരങ്ങൾക്കും നായകനെന്ന നിലയിലുള്ളത്.
 
അതേസമയം ഒരു സെഞ്ചുറി കൂടി നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളുള്ള രണ്ടാമത്തെ താരം എന്ന റെക്കോർഡും കോലിക്ക് സ്വന്തമാകും. 70 സെഞ്ചുറികളുമായി മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങിനൊപ്പമാണ് കോലി. 100 സെഞ്ചുറികളുള്ള സച്ചിനാണ് പട്ടികയിൽ ഒന്നാമത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍