ബാറ്റിംഗില്‍ പഴയ മികവിന്റെ അടുത്തെങ്ങുമില്ല, ലോകകപ്പില്‍ ഇന്ത്യയ്ക്ക് തലവേദനയാവുക രവീന്ദ്ര ജഡേജ

വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (15:26 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നേടിയ വിജയത്തോടെ ബാറ്റിംഗിലും ബൗളിംഗിലുമെല്ലാം ഒരു യൂണിറ്റ് എന്ന നിലയില്‍ ഇന്ത്യന്‍ ടീമിന് കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഫോമിലെത്തിയതോടെ മധ്യനിരയിലെ ഇന്ത്യന്‍ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ഓപ്പണറായി നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനമാണ് നടത്തുന്നത്. അവര്‍ക്കൊപ്പം വിരാട് കോലി കൂടിയെത്തുമ്പോള്‍ ശക്തമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര.
 
ഇതിനിടെ ടീമിന്റെ വലിയ തലവേദനയായിരുന്ന സൂര്യകുമാര്‍ യാദവും താളത്തിലെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കിടയില്‍ ഇന്ത്യയെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത് ടീമിലെ ഓള്‍റൗണ്ടര്‍ താരമായ രവീന്ദ്ര ജഡേജയുടെ പ്രകടനമാണ്. ടീമിലെ ഏഴാം നമ്പറില്‍ വമ്പനടികള്‍ നടത്തേണ്ട താരത്തിന്റെ സ്‌െ്രെടയ്ക്ക് റേറ്റ് 2022ന് ശേഷം വെറും 64.68 മാത്രമാണ്. ഇത് ഏറ്റവും കുറഞ്ഞ് 10 ഇന്നിങ്ങ്‌സെങ്കിലും കളിച്ച ടോപ് 7 ബാറ്റര്‍മാരില്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റാണ്.
 
ടീമിന്റെ സ്‌കോര്‍ കുത്തനെ ഉയര്‍ത്താന്‍ ചുമതലയുള്ള ഏഴാം നമ്പര്‍ റോളില്‍ സമീപകാലത്ത് മികച്ച പ്രകടനമല്ല ജഡേജ സമീപകാലത്തായി നടത്തുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രവീന്ദ്ര ജഡേജയുടെ പേരില്‍ ഏകദിനത്തില്‍ ഒരു ഫിഫ്റ്റി പ്രകടനം പോലുമില്ല എന്നത് ഞെട്ടിക്കുന്നതാണ്. ബൗളറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും താരം മികച്ച പ്രകടനം നടത്തുമ്പോഴും ബാറ്റിംഗിലെ താരത്തിന്റെ പ്രകടനം നിര്‍ണായക മാച്ചുകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. ഫിനിഷര്‍ പൊസിഷനില്‍ വെടിക്കെട്ട് തീര്‍ക്കുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യ ബാറ്റിംഗ് ശൈലി മാറ്റിയതും ജഡേജ മോശം ബാറ്റിംഗ് ഫോം തുടരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍