ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്തില്‍ കൃത്യമം നടത്തി ദുരന്തനായകനായി തീര്‍ന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്‌റ്റീവ് സ്‌മിത്ത് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞു. മാധ്യമങ്ങൾക്കു മുന്നിൽ കണ്ണീരണിഞ്ഞ മുന്‍ ഓസീസ് നായകന്‍ തെറ്റ് ഏറ്റുപറയുകയും എല്ലാം തന്റെ കണ്‍മുന്നിലാണ് നടന്നതെന്ന് വ്യക്തമാക്കുകയും ചെയ്‌തു.
നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നു. നിരാശരും ക്ഷുഭിതരുമായ ഓസ്‌ട്രേലിയന്‍ ജനതയോടും ആരാധകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. ജീവിതകാലം മുഴുവൻ കുറ്റബോധവും പശ്ചാത്താപവും വേട്ടയാടുന്ന കാര്യമാണ് നടന്നത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഈ കാര്യം തന്നെ ഉലച്ചുകളഞ്ഞുവെന്നും സ്‌മിത്ത് വ്യക്തമാക്കി.
ടീമിന്റെ നായകന്‍ എന്ന നിലയിൽ സംഭവച്ചതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്. സംഭവത്തിൽ ആരെയും കുറ്റപ്പെടുത്താനില്ല. വീഴ്ചകൾക്കെല്ലാം കാലം മാപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ മഹത്തായ കായിക വിനോദമായ ക്രിക്കറ്റിനോട് ബഹുമാനമുണ്ട്. ഈയൊരു സംഭവത്തിൽ നിന്ന് നല്ലത് ഉണ്ടായാൽ മറ്റുള്ളവർക്ക് നേർവഴി കാണിക്കാനായാല്‍ അതിന്റെ മുൻനിരയിൽ താനുണ്ടാവുമെന്നും സ്മിത്ത് പറഞ്ഞു.
ടീമിനെ നയിക്കുന്നതിൽ എനിക്കു വീഴ്ച പറ്റി. ഗുരുതരമായ ഒരു കുറ്റമാണ് താന്‍ ചെയ്തതെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ഇതില്‍ നിന്നും മറ്റുള്ളവര്‍ക്കു ഒരു പാഠമാകുമെന്നും നല്ല മാറ്റത്തിന് നയിക്കുമെന്നും സിഡ്നിയിൽ മടങ്ങിയെത്തിയ ശേഷം നടത്തിയ താരം വ്യക്തമാക്കി.
കണ്ണീരണിഞ്ഞ് സംസാരിച്ച സ്‌മിത്ത് തുടര്‍ന്ന് വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കാതെ എഴുന്നേറ്റു പോകുകയും ചെയ്‌തു.