സഞ്ജുവിന്റെ കാര്യത്തില്‍ ഞാന്‍ ചെയ്തത് ചെറിയ കാര്യം, ബാക്കിയെല്ലാം അവന്റെ കഴിവ്: തുറന്ന് പറഞ്ഞ് ഗംഭീര്‍

അഭിറാം മനോഹർ
ചൊവ്വ, 12 നവം‌ബര്‍ 2024 (11:38 IST)
ബംഗ്ലാദേശിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും തുടര്‍ച്ചയായ 2 സെഞ്ചുറികള്‍ നേടികൊണ്ട് മലയാളി താരം സഞ്ജുസാംസണ്‍ പുറത്തെടുത്ത മികവിന്റെ ക്രെഡിറ്റ് തനിക്കല്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഗംഭീര്‍ സഞ്ജുവിന്റെ കാര്യത്തില്‍ പ്രത്യേകമായി താന്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് പറഞ്ഞത്.
 
 സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളുടെ കാരണക്കാരന്‍ താങ്കളാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനോടായിരുന്നു ഗംഭീറിന്റെ മറുപടി. അക്കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ല എന്നും സഞ്ജുവിന് ശരിയായ ബാറ്റിംഗ് പൊസിഷന്‍ കൊടുക്കുകയും ആ സ്ഥാനത്തേക്ക് അവനെ പിന്തുണയ്ക്കുകയും മാത്രമാണ് താന്‍ ചെയ്തതെന്നും ഗംഭീര്‍ പറഞ്ഞു. ആത്യന്തികമായി അവന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. അവന്‍ തുടങ്ങിയിട്ടെയുള്ളു. ഇതൊന്നിന്റെയും അവസാനമല്ല. ഇതേ രീതിയില്‍ തന്നെ അവന്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.
 
 നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ തുടര്‍ച്ചയായ 2 മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിട്ടും ബംഗ്ലാദേശിനെതിരായ പരമ്പരയിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും സഞ്ജുവിന് അവസരം നല്‍കിയിരുന്നു. ബംഗ്ലാദേശിനെതിരെ ആദ്യ 2 മത്സരങ്ങളില്‍ വലിയ സ്‌കോറുകള്‍ നേടാനായില്ലെങ്കിലും മൂന്നാം മത്സരത്തിലെ സെഞ്ചുറിയോടെ മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ സഞ്ജുവിനായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേ ആദ്യ ടി20യില്‍ സെഞ്ചുറി നേടി ഒട്ടെറെ റെക്കോര്‍ഡ് നേട്ടങ്ങളും സഞ്ജു സ്വന്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article