ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

അഭിറാം മനോഹർ

തിങ്കള്‍, 11 നവം‌ബര്‍ 2024 (16:52 IST)
ന്യൂസിലന്‍ഡിനെതിരെ സ്വന്തം മണ്ണില്‍ 3 ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ സമ്പൂര്‍ണ്ണ പരാജയം നേരിട്ടതോടെ ഗൗതം ഗംഭീറിന്റെ പരിശീലകസ്ഥാനത്തിന് ഇളക്കം തട്ടിയതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലും പ്രകടനം മോശമായാല്‍ ഗംഭീറിനെ ടെസ്റ്റ് പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
 ഏകദിന, ടി20 ടീമുകളുടെ പരിശീലകസ്ഥാനത്ത് ഗംഭീറിനെ തുടരാന്‍ അനുവദിച്ചാലും ടെസ്റ്റില്‍ മോശം പ്രകടനം തുടര്‍ന്നാല്‍ ബിസിസിഐ ടെസ്റ്റില്‍ പുതിയ പരിശീലകനെ തേടുമെന്നാണ് റിപ്പോര്‍ട്ട്. കാലങ്ങളായി മൂന്ന് ഫോര്‍മാറ്റിലും ഒറ്റ കോച്ച് എന്ന ശൈലിയാണ് ഇന്ത്യ പിന്തുടരുന്നത്. ഗംഭീറിന്റെ വരവിന് ശേഷം ലിമിറ്റഡ് ഓവറില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതാണെങ്കിലും ടെസ്റ്റില്‍ ഉണ്ടായ പരാജയം ഭീകരമാണ്. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ പോലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെടുന്ന സാഹചര്യം ഇതാദ്യമാണെന്നാണ് വിമര്‍ശകര്‍ വ്യക്തമാക്കുന്നത്.
 
ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യയുടെ പ്രകടനം മോശമാണെങ്കില്‍ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വി വി എസ് ലക്ഷ്മണെയാകും ബിസിസിഐ ടെസ്റ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തിക്കുക. ടെസ്റ്റില്‍ ഇതിഹാസ താരമെന്ന ലേബലുള്ള ലക്ഷ്മണിന് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും ബിസിസിഐ കരുതുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍