100 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന എത്ര ഓപ്പണർമാരുണ്ടാകും ടി20യിൽ, ഏകദിനത്തിൽ പുലിയായിരിക്കം, ടി20യിൽ കിഷൻ പൂച്ച മാത്രം

തിങ്കള്‍, 7 ഓഗസ്റ്റ് 2023 (20:13 IST)
ഏകദിന ടീമില്‍ ഓപ്പണര്‍ സ്ഥാനത്ത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ടി20യില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറെന്ന നിലയില്‍ ഇന്ത്യയ്ക്ക് ബാധ്യതയാകുന്നുവെന്ന് കണക്കുകള്‍. റുതുരാജ് ഗെയ്ക്ക്‌വാദ്,യശ്വസി ജയ്‌സ്വാള്‍ എന്നീ ഓപ്പണിംഗ് താരങ്ങള്‍ അവസരത്തിന് വേണ്ടി കാത്ത് നില്‍ക്കുമ്പോള്‍ കഴിഞ്ഞ 15 ടി20 മത്സരങ്ങളായി 100നടുത്തുള്ള സ്ട്രൈക്ക് റേറ്റിലാണ് ഇഷാന്‍ ബാറ്റ് വീശുന്നത്. ടി20യില്‍ ടീമുകള്‍ പരമാവധി റണ്‍സ് നേടിയെടുക്കുന്ന ആദ്യ ആറ് ഓവറുകളിലെ ഇഷാന്റെ മെല്ലെപ്പോക്ക് ടീമിനെ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.
 
2021ന് ശേഷം ഇഷാന്‍ കിഷന്‍ കളിച്ച 26 ടി20 ഇന്നിങ്ങ്‌സുകളില്‍ നിന്നും 24.42 ശരാശരിയില്‍ 635 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടി20യിലെ മോശം പ്രകടനത്തിനെ പേരില്‍ വിമര്‍ശിക്കപ്പെട്ട കെ എല്‍ രാഹുലാകട്ടെ ഈ കാലയളവില്‍ കളിച്ച 27 ഇന്നിങ്ങ്‌സുകളില്‍ നിന്നും 28.92 ശരാശരിയില്‍ 723 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷനേക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റും കെ എല്‍ രാഹുലിനുണ്ട്. കഴിഞ്ഞ 15 ടി20 ഇന്നിങ്ങ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി പോലും ഇഷാന്‍ കിഷന് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
 
ഈ സാഹചര്യത്തില്‍ ഏകദിനത്തിലെ പ്രകടനം കണക്കിലെടുത്ത് ഇഷാനെ ടി20 ടീമില്‍ നിലനിര്‍ത്തുന്നത് ശരിയല്ലെന്നും യശ്വസി ജയ്‌സ്വാളിനോ റുതുരാജിനോ അവസരങ്ങള്‍ നല്‍കണമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പറയുന്നു. ടി20 ക്രിക്കറ്റിന്റെ ശൈലിക്ക് അനുയോജ്യമായ താരമല്ല കിഷനെന്നും താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത് ടീമിനെ തന്നെ ബാധിക്കുമെന്നും ആരാധകര്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍