ഐപിഎല്‍ ഒത്തുകളി സംബന്ധിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്താമെന്ന് സുപ്രീംകോടതി. കളിക്കാരുടെ പേരൊഴികെയുള്ളവ പരസ്യപ്പെടുത്താനാണ് അനുമതി. ഏഴ് ഉന്നതരുടെ പേരുകള്‍ പുറത്തു വന്നു.
ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍, മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, ബോളിവുഡ് നടി ഷില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, ഐപിഎല്‍ മുന്‍ സിഇഓ സുന്ദര്‍രാജന്‍, കളിക്കാരായ സ്റ്റുവാര്‍ട്ട് ബിന്നി, ഒവൈസ് ഷാ, സാമുവല്‍ ബദ്രി എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചും പരാമര്‍ശമുണ്ട്.
ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍, മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, ഇന്ത്യന്‍ താരങ്ങള്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരായ റിപ്പോര്‍ട്ടിലാണ് വിധി വന്നത്. ശ്രീനിവാസനും താരങ്ങളും ഐപിഎല്‍ ക്രമക്കേടുകളില്‍ ഇടപെട്ടതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. ആരോപണ വിധേയരായവരുടെ പട്ടികയില്‍ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരുടെ പേരുകള്‍ തത്കാലം പുറത്തുവിടേണ്ടെന്നാണ് കോടതി തീരുമാനം. ഇതിനെതിരേ ശ്രീശാന്തിന്റെ അഭിഭാഷകന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം, ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കോടതി നീട്ടിവച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെയാണിത്. കഴിഞ്ഞ മേയിലാണു മുദ്ഗല്‍ സമിതിയെ സുപ്രീം കോടതി അന്വേഷണ ചുമതല ഏല്‍പിച്ചത്. വാതുവയ്പു കണ്ണിയും ബോളിവുഡ് താരവുമായ വിന്ദു ധാരാസിംഗുമായുള്ള ഫോണ്‍ സംഭാഷണത്തിലെ ശബ്ദം മെയ്യപ്പന്റേതു തന്നെയാണെന്നു കേന്ദ്ര ഫൊറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.