രാജകീയം രാജസ്ഥാന്‍ റോയല്‍സ്

Webdunia
ശനി, 11 ഏപ്രില്‍ 2015 (09:19 IST)
ആദ്യ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. പുണെയില്‍ നടന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 26 റണ്‍സിന് തോല്‍പ്പിച്ചാണ് കളിയിലെ കുതിപ്പിന് തുടക്കമിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഫോക്‌നറുടെ മികച്ച ഓള്‍റൌണ്ട് മികവാണ് രാജസ്ഥാന് രാജകീയ തുടക്കം നല്‍കിയത്. 33 പന്തില്‍ നിന്ന് 46 റണ്ണെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഫോക്‌നറാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാ‍ജസ്ഥാന്‍ 20 ഓവറില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്. ഓപ്പണര്‍മാരായി ഇറങ്ങിയ അജിങ്ക്യ രഹാനെയും (0) സഞ്ജു സാംസണും (5) വലിയ പ്രതീക്ഷയായിരുന്ന കരുണ്‍ നായരും (8) നിസാര സ്‌കോറിന് പുറത്തായി പ്രതിസന്ധിയിലായ റോയല്‍സിനെ ആദ്യം സ്റ്റീവന്‍ സ്മിത്തും (33) പിന്നീട് ദീപക് ഹൂഡയും (30) ആണ് അപകടനില കടത്തിയത്. പിന്നീടായിരുന്നു മൂന്ന് സിക്‌സും രണ്ട് ഫോറും അടങ്ങുന്ന ഫോക്‌നറുടെ വെടിക്കെട്ട്. ജോണ്‍സണ്‍ എറിഞ്ഞ പത്തൊന്‍പതാം ഓവറില്‍ രണ്ട് സിക്‌സും ഒരു ബൗണ്ടറിയുമാണ് ഫോക്‌നര്‍ നേടിയത്.

37 റണ്ണെടുത്ത മുരളി വിജയാണ് പഞ്ചാബിന്റെ ടോപ്‌സ്‌കോറര്‍. അക്‌സര്‍ പട്ടേലും ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും 24 റണ്‍സ് വീതവും ഡേവിഡ് മില്ലര്‍ 23 ഉം റണ്‍സെടുത്തു. വലിയ പ്രതീക്ഷയായിരുന്ന ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ഏഴു റണ്‍സ് മാത്രമാണ് നേടാനായത്. ഓപ്പണറായി ഇറങ്ങിയ വിരേന്ദര്‍ സെവാഗ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി.

ബാറ്റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും രണ്ടുപേരെ ഉജ്വലമായി റണ്ണൗട്ടാക്കുകയും ഒരു ക്യാച്ചെടുക്കുകയും ചെയ്ത മലയാളി വിക്കറ്റ്കീപ്പര്‍ സഞ്ജു സാംസണ്‍ റോയല്‍സിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സൗത്തി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വിരേന്ദര്‍ സെവാഗിനെ ഉജ്വലമായ ഡൈവിങ് ക്യാച്ചിലൂടെ മടക്കിയ സഞ്ജു പിന്നീട് മുരളി വിജയെയും വൃദ്ധിമാന്‍ സാഹയെയുമാണ് റണ്ണൗട്ടാക്കിയത്.

നാലോവര്‍ എറിഞ്ഞ ഫോക്‌നര്‍ 26 റണ്‍സ് വിട്ടകൊടുത്താണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ടിം സൗത്തി 36 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. പഞ്ചാബിനുവേണ്ടി അമുറീത് സിങ് മൂന്നും മിച്ചല്‍ ജോണ്‍സണ്‍ രണ്ടും സന്ദീപ് ശര്‍മയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.