IPL Impact Player Rule: എന്താണ് ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം? അറിയേണ്ടതെല്ലാം

ശനി, 1 ഏപ്രില്‍ 2023 (11:33 IST)
IPL Impact Player Rule: ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയര്‍ നിയമ നിലവില്‍ വന്നു. 16-ാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിയാണ് തങ്ങളുടെ ഇംപാക്ട് പ്ലെയറെ പ്രഖ്യാപിച്ചത്. ടോസിന്റെ നേരത്താണ് തങ്ങളുടെ ഇംപാക്ട് പ്ലെയര്‍ തുഷാര്‍ ദേശ്പാണ്ഡെയാണെന്ന് ധോണി അറിയിച്ചത്. പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്ന അമ്പാട്ടി റായിഡുവിന് പകരമാണ് തുഷാര്‍ ഇംപാക്ട് പ്ലെയറായി എത്തിയത്. ചെന്നൈയുടെ ബൗളിങ് സമയത്ത് റായിഡുവിന് പകരം തുഷാര്‍ ദേശ്പാണ്ഡെ ഇറങ്ങുകയായിരുന്നു. തുഷാര്‍ 3.2 ഓവര്‍ പന്തെറിയുകയും ചെയ്തു. 
 
ബാറ്ററെയോ ബോളറെയോ മത്സരത്തിനിടെ മാറ്റി പകരം ഒരാളെ ഇറക്കാന്‍ അനുവദിക്കുന്ന നിയമമാണ് ഇംപാക്ട് പ്ലെയര്‍. പ്ലേയിങ് ഇലവന്‍ കൊടുക്കുന്ന സമയത്ത് നാല് സബ്സ്റ്റിറ്റിയൂട്ട് താരങ്ങളുടെ പേര് കൂടി അതാത് ടീമിന്റെ നായകന്‍മാര്‍ക്ക് കൊടുക്കാം. ഈ നാല് പേരില്‍ നിന്നായിരിക്കണം ഇംപാക്ട് പ്ലെയറെ തിരഞ്ഞെടുക്കേണ്ടത്. ടോസിന് ശേഷമോ മത്സരത്തിനിടയിലോ തങ്ങളുടെ ഇംപാക്ട് പ്ലെയറെ പ്രഖ്യാപിക്കാനുള്ള അവസരം അതാത് ടീം നായകന്‍മാര്‍ക്കുണ്ട്. 
 
ഇംപാക്ട് പ്ലെയര്‍ ഇന്ത്യന്‍ താരമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അതിനും പ്രത്യേക നിയമമുണ്ട്. പ്ലേയിങ് ഇലവനില്‍ നാല് വിദേശ താരങ്ങള്‍ ഉണ്ടെങ്കില്‍ ഇംപാക്ട് പ്ലെയറായി പിന്നീട് വിദേശ താരത്തെ കളിപ്പിക്കാന്‍ പറ്റില്ല. ഇന്ത്യന്‍ താരത്തെ തന്നെ തിരഞ്ഞെടുക്കേണ്ടിവരും. അതേസമയം, പ്ലേയിങ് ഇലവനില്‍ മൂന്ന് വിദേശ താരങ്ങള്‍ മാത്രമേ ഉള്ളൂവെങ്കില്‍ ഇംപാക്ട് പ്ലെയറായി വിദേശ താരത്തെ തിരഞ്ഞെടുക്കാന്‍ സാധിക്കും. പ്ലെയിങ് ഇലവനിലെ താരത്തിന് പകരം ഇംപാക്ട് പ്ലെയര്‍ ഇറങ്ങിയാല്‍ പിന്നീട് പ്ലേയിങ് ഇലവനിലെ താരത്തിനു കളിക്കാന്‍ പറ്റില്ല. 
 
ഇംപാക്ട് പ്ലെയര്‍ ബോള്‍ ചെയ്യുകയാണെങ്കില്‍ മുഴുവന്‍ ക്വോട്ട ആയ നാല് ഓവറും എറിയാന്‍ സാധിക്കും. അതേസമയം ഏതെങ്കിലും ഒരു താരം ബാറ്റ് ചെയ്തുകൊണ്ടിരിക്കെ റിട്ടയേഡ് ആയോ അല്ലെങ്കില്‍ ഔട്ടായ ശേഷമോ ആണ് ഇംപാക്ട് പ്ലെയറെ വിളിക്കുന്നതെങ്കില്‍ പിന്നീട് ആ പ്ലേയിങ് ഇലവനിലെ മറ്റേതെങ്കിലും താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍