ബാംഗ്ളൂരിന് കാലിടറിയപ്പോള്‍ ഐപിഎൽ കിരീടം ഹൈദരാബാദിന്
തിങ്കള്‍, 30 മെയ് 2016 (08:08 IST)
ആവേശം നിറഞ്ഞ കലാശപ്പോരിനൊടുവിൽ ഐപിഎൽ ഒമ്പതാം സീസണിലെ കിരീടം സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദിന്റെ 208 റൺസെന്ന സ്‌കോർ മറികടക്കാൻ ബാംഗ്ലൂരിനായില്ല. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 208. ബാംഗ്ളൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 200.
209 റൺസെന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗളൂരുവിന് ക്യാപ്‌റ്റൻ വിരാട് കൊഹ്‌ലിയും വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയിലും ചേർന്ന് നൽകിയത് ഗംഭീര തുടക്കമാണ്. ഗെയില്‍ അടിച്ചു തകര്‍ത്തപ്പോള്‍ കോഹ്‌ലി ഒരുവശത്ത് മികച്ച പിന്തുണ നല്‍കുകയായിരുന്നു. എന്നാൽ 38 പന്തിൽ 76 എന്ന നിലയിൽ നിൽക്കവേ ബെൻ കട്ടിങ്ങ് എറിഞ്ഞ പന്തിൽ ബിപുൽ ശർമ്മ പിടിച്ച് ഗെയിൽ പുറത്താകുമ്പോൾ ബാംഗ്ലൂരിന്റെ സ്‌കോർ 10.3 ഓവറിൽ 114. പിന്നെ ജയിക്കാൻ വേണ്ടത് 57പന്തിൽ 95 റൺസ്. പിന്നാലെ 12ആം ഓവറിൽ കൊഹ്‌ലിയും പതിമൂന്നാം ഓവറിൽ ഡിവില്ലേഴ്‌സും പതിനഞ്ചാമത് ഓവറിൽ ലോകേഷ് ശർമ്മയും പുറത്തായി. ഇതോടെ ഹൈദരാബാദ് കളിയിലേക്ക് തിരിച്ചത്തെി. പിന്നീട് വന്നവർ പൊരുതി നോക്കിയെങ്കിലും ബാംഗ്ലൂരിനെ കരകയറ്റാനായില്ല.
നേരത്തെ ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സൺറൈസേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 38 പന്തിൽ 69 റൺസുമായി വെടിക്കെട്ട് തുടക്കം നൽകിയ നായകൻ വാർണർ തന്നെയാണ് ടീമിനെ മുന്നിൽ നിന്ന് നയിച്ചത്. ശിഖര്‍ ധവാന്‍ (28), യുവരാജ് (38) എന്നിവര്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെ അവസാന ഓവറില്‍ തകര്‍ത്തടിച്ച ബെന്‍ കട്ടിംങ് (39)ഹൈദരാബാദിന് വമ്പന്‍ ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു.