മരണക്കളിക്ക് ഇന്ന് തുടക്കം; ചെന്നൈ - മുംബൈ പോരാട്ടം ഇന്ന്
ചൊവ്വ, 19 മെയ് 2015 (10:12 IST)
ഐപിഎൽ എട്ടാം സീസണിലെ പ്ളേ ഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിംഗ്‌സും രണ്ടാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സുമാണ് കിരീടത്തിനായുള്ള ആദ്യ ക്വാളിഫയർ മത്സരത്തില്‍ പോരിനിറങ്ങുന്നത്. മുംബയിലെ വാങ്കടെ സ്റ്റേഡിയത്തിൽ രാത്രി 8 മുതലാണ് മത്സരം.
ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം ഫൈനലിലെത്തും. തോൽക്കുന്ന ടീമിന് നാളെ നടക്കുന്ന എലിമനേറ്റർ മത്സരത്തിലെ വിജയികളുമായി ക്വാളിഫൈയർ 2 മത്സരം കൂടി ബാക്കിയുണ്ട്. വെടിക്കെട്ട് ഓപ്പണർ ബ്രണ്ടൻ മക്കല്ലത്തിന്റെ അസാന്നിദ്ധ്യത്തില്‍ മൈക്ക് ഹസിയും ഡ്വെയ്ൻ സ്മിത്തുമാണ് ചെന്നൈക്കായി ഓപ്പണ്‍ ചെയ്യുക. സുരേഷ് റെയ്‌നയും എംഎസ് ധോണിയും ഡ്യുപ്ലെസിയും അടങ്ങുന്ന മധ്യനിരയാണ് അവരുടെ കരുത്ത്. ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 9 ജയവുമായി 18 പോയിന്റുമായാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഒന്നാമൻമാരായി പ്ളേ ഓഫിലെത്തിയത്.
നിർണായക പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 9 വിക്കറ്റിന് കീഴടക്കിയാണ് മുംബയ് ഇന്ത്യൻസ് രണ്ടാമൻമാരായി പ്ളേ ഓഫിൽ എത്തിയത്. പാർത്ഥിവും സിമ്മോൺസും നയിക്കുന്ന ബാറ്റിംഗ് നിരയും രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റ്‌സ്‌മാനും മുംബൈയുടെ കരുത്ത്.